Quantcast

ബെംഗളൂരുവിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ 'പാകിസ്താന്‍' എന്ന് വിളിച്ച് കര്‍ണാടക ഹൈക്കോടതി ജഡ്ജി; വിവാദം

മൈസൂരു റോഡ് മേൽപ്പാലത്തിലേക്ക് പോയാല്‍, ഓരോ ഓട്ടോ റിക്ഷയിലും 10 പേരെ കാണാം

MediaOne Logo

Web Desk

  • Updated:

    2024-09-19 11:36:19.0

Published:

19 Sep 2024 9:47 AM GMT

Justice Vedavyasachar Srishananda
X

ബെംഗളൂരു: ബെംഗളൂരുവില്‍ മുസ്‍ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ 'പാകിസ്താന്‍' എന്ന് വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം വിവാദത്തില്‍. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചാണ് ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ വിദ്വേഷ പരാമര്‍ശം നടത്തിയത്.

“മൈസൂരു റോഡ് മേൽപ്പാലത്തിലേക്ക് പോയാല്‍, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാല്‍ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്താനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാര്‍ഥ്യം. എത്ര കര്‍ശനമായി നിയമം നടപ്പില്ലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവര്‍ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും'' എന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

ജസ്റ്റിസിന്‍റെ വാക്കുകള്‍ വ്യാപക വിമര്‍ശത്തിന് വഴിവച്ചിട്ടുണ്ട്. ''സമൂഹത്തില്‍ ഉന്നത സ്ഥാനത്തിനിരിക്കുന്ന ഒരു ജഡ്ജിയില്‍ നിന്നുണ്ടായ സംസാരം തികച്ചും അസ്വീകാര്യമാണ്. ഇയാള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇയാളെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണം'' ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് ബൃന്ദ അഡിഗെ പ്രസ്താവനയെ അപലപിച്ചു.

''ഒരു ജഡ്ജി വ്യത്യസ്ത വിശ്വാസം പുലര്‍ത്തുന്ന സ്വന്തം രാജ്യത്തെ പൗരന്‍മാരെ പാകിസ്താനി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'' അഡ്വ. സഞ്ജയ് ഘോഷ് പറഞ്ഞു. ജസ്റ്റിസ് വേദവ്യാസാചാറിന്‍റെ വിവാദ പരാമര്‍ശത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വേദവ്യാസാചാർ എപ്പോഴാണ് ഈ പരാമർശം നടത്തിയതെന്നോ ഏത് സന്ദർഭത്തിലാണെന്നോ വ്യക്തമല്ല.

''കർണാടക ഹൈക്കോടതിയിലെ ജഡ്ജി വേദവ്യാസാചാർ ശ്രീശാനന്ദ ബംഗളൂരുവിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താന്‍ എന്നാണ് വിശേഷിപ്പിച്ചത്. ഒരു ജഡ്ജി തൻ്റെ രാജ്യത്തെ പൗരന്മാരെ പാകിസ്താനി എന്ന് വിളിക്കുന്നു, ഇതിലും നാണംകെട്ട മറ്റെന്തെങ്കിലും ഉണ്ടോ? സുപ്രിം കോടതി സ്വമേധയാ കേസെടുക്കുമോ?''ഒരു ഉപയോക്താവ് ചോദിച്ചു. 2020 മേയ് മുതൽ കർണാടക ഹൈക്കോടതിയില്‍ അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ശ്രീശാനന്ദ 2021 സെപ്റ്റംബറിലാണ് സ്ഥിരം ജഡ്ജിയാകുന്നത്.

ഈയിടെ കന്നഡ വാര്‍‌ത്താ ചാനലായ ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് തത്സമയ സംപ്രേക്ഷണത്തിനിടെ ഹിന്ദുക്കളുടെ കണക്ക് പറയാൻ ഇന്ത്യൻ പതാകയുടെ ചിത്രവും മുസ്‌ലിംകളുടെ കണക്ക് പറയാൻ പാകിസ്താൻ പതാകയുടെ ചിത്രവും ഉപയോഗിച്ചത് വിവാദമായിരുന്നു. അജിത് ഹനമാക്കനവർ അവതാരകനായ സുവർണ ന്യൂസ് അവറിലെ 'ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്‌ലിം ജനസംഖ്യ വൻതോതിൽ വർധിച്ചു' എന്ന പരിപാടിയാണ് ചര്‍ച്ചയായത്. രാജ്യത്ത് മുസ്‌ലിം ജനസംഖ്യയിൽ വൻ വർധനയും ഹിന്ദുക്കളുടേത് കുത്തനെ ഇടിഞ്ഞെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി- പിഎം) പുറത്തുവിട്ട റിപ്പോർട്ടിന്മേലായിരുന്നു ചർച്ച. തുടര്‍ന്ന് അവതാരകനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

TAGS :

Next Story