കോവിഡ് മുക്തരില്‍ ക്ഷയരോഗം; പ്രത്യേക പരിശോധന കാമ്പയിനുമായി കര്‍ണാടക
വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പരിശോധന യജ്ഞം ഉദ്ഘാടനം ചെയ്തു.
കോവിഡ് ഭേദമായവരിൽ ക്ഷയരോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പരിശോധന കാമ്പയിനുമായി കര്‍ണാടക. കോവിഡ് വന്നുപോയവരുടെ വീടുകളിൽ ആശാവർക്കർമാരും ആരോഗ്യപ്രവർത്തകരും സന്ദർശനം നടത്തി ക്ഷയരോഗ പരിശോധനയ്ക്ക് വേണ്ട തുടർ നടപടികൾ സ്വീകരിക്കും. വിധാന്‍ സൗധയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പരിശോധന യജ്ഞം ഉദ്ഘാടനം ചെയ്തു.
കോവിഡും ക്ഷയവും ശ്വാസകോശത്തെ ബാധിക്കുന്നതാണ്. അതിനാലാണ് കോവിഡ് ഭേദമായവരില്‍ ക്ഷയം ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചുവരുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് മുക്തരും കുടുംബാംഗങ്ങളും പരിശോധനയ്ക്ക് തയാറായി സ്വയം മുന്നോട്ടുവരണമെന്നും രോഗം നേരത്തേ കണ്ടെത്തുകയാണെങ്കില്‍ ചികിത്സ എളുപ്പമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കര്‍ണാടകയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ, കോവിഡ് ഭേദമായ 24 പേർക്കാണ് ക്ഷയരോഗം സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 28 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ഭേദമായിട്ടുണ്ട്. ഈ മാസം 31 വരെ സംസ്ഥാനത്ത് കോവിഡ് മുക്തരായവരെയും കുടുംബാംഗങ്ങളെയും പരിശോധിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.
2017നുശേഷം കര്‍ണാടകയില്‍ 75 ലക്ഷം പേര്‍ക്ക് ക്ഷയരോഗ ലക്ഷണങ്ങള്‍ കണ്ടതില്‍ 88 ശതമാനം പേരെയും പരിശോധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയെതുടർന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ക്ഷയരോഗ നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നിരുന്നില്ല.
കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന വിദഗ്ധാഭിപ്രായം പരിഗണിച്ച് 'ആരോഗ്യ നന്ദന'എന്ന പേരില്‍ പുതിയ പദ്ധതിക്കും കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതിലൂടെ പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളെയും മറ്റ് അസുഖങ്ങളുള്ള കുട്ടികളെയും കണ്ടെത്തി പ്രത്യേക പരിചരണം നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Adjust Story Font
16