Quantcast

'പെരുന്നാളാണ്, ദളും ഗോരക്ഷയും പറഞ്ഞ് നിയമം കൈയിലെടുക്കുന്നവരെ പിടിച്ച് അകത്തിടണം'; കർണാടക പൊലീസിന് നിർദേശം

'ഗോരക്ഷകരെ പണിയേൽപിച്ച് നിങ്ങൾ പൊലീസ് സ്റ്റേഷനിൽ ഇരിക്കുകയാണോ? ആരെങ്കിലും വർഗീയവിഷം തുപ്പിയാൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം'

MediaOne Logo

Web Desk

  • Updated:

    2023-06-25 09:50:14.0

Published:

25 Jun 2023 9:49 AM GMT

Karnataka minister Priyank Kharge order to police against gaurakshaks, Karnatakaminister, PriyankKharge, gaurakshaks, cowvigilantism
X

ബംഗളൂരു: ഗോരക്ഷകർക്കും വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കർണാടക പൊലീസിന് നിർദേശം. സിദ്ധരാമയ്യ സർക്കാരിൽ ഗ്രാമീണവികസന മന്ത്രിയായ പ്രിയങ്ക് ഖാർഗെയാണ് കഴിഞ്ഞ ദിവസം കലബുർഗി ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് കർശന നിർദേശം നൽകിയത്. ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ ഗോരക്ഷാ പ്രവർത്തനം എന്ന പേരിൽ ആര് നിയമം കൈയിലെടുത്താലും അവരെ പിടിച്ച് അകത്തിടണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.

ബലിപെരുന്നാളാണ് വരുന്നത്. മുഴുവൻ പൊലീസ് ഇൻസ്‌പെക്ടർമാരും സുപ്രണ്ടുമാരും കേൾക്കണം. ആ ദളിൽനിന്നാണ്, മറ്റേ ദളിൽനിന്നാണെന്നൊക്കെ പറഞ്ഞ് ഗോരക്ഷാ സംഘങ്ങൾ വരും. അവർക്ക് കർഷകരുടെ ബുദ്ധിമുട്ട് അറിയില്ല. ചിലർ ഓരോ ഷാൾ ധരിച്ച് ആ ദളുകാരനാണെന്നും ഇന്ന സംഘടനക്കാരനാണെന്നുമെല്ലാം പറഞ്ഞ് നിയമം കൈയിലെടുത്താൽ അവരെ പിടിച്ച് ജയിലിലിടണം-ഖാർഗെ ഉത്തരവിട്ടു.

''നിയമം വളരെ വ്യക്തമാണെന്നും നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും കന്നുകാലികളെ കൊണ്ടുപോകുന്നതിന് ഒരേ നിയമമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രേഖകളും അനുമതിയുമെല്ലാമുണ്ടെങ്കിൽ അവരെ പീഡിപ്പിക്കാൻ നിൽക്കരുത്. ഗോരക്ഷകരെ പണിയേൽപിച്ച് നിങ്ങൾ പൊലീസ് സ്റ്റേഷനിൽ ഇരിക്കുകയാണോ? കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ പുതിയ പീഡനം തുടങ്ങിയിരിക്കുന്നത്.''

കഴിഞ്ഞ തവണ ഇക്കൂട്ടർ കർഷകരുടെ വീടുകളിൽ ചെന്നാണ് മൃഗങ്ങൾ പിടിച്ചുകൊണ്ടുപോയത്. നിയമം അനുസരിച്ച് പ്രവർത്തിക്കണം. ആര് നിയമം കൈയിലെടുത്താലും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കന്നുകാലിയോ എന്തു തന്നെയായാലും ആരെങ്കിലും അനധികൃതമായി മൃഗങ്ങളെ കടത്തിയാൽ അവരെ പിടിച്ച് അകത്തിടണം. അതിൽ വിട്ടുവീഴ്ചയില്ല. എന്നാൽ, എല്ലാ അനുമതിയുമുള്ള ആരെങ്കിലും പീഡനത്തിനിരയാകുന്നുണ്ടെങ്കിൽ, നിയമം കൈയിലെടുക്കാൻ നിങ്ങൾ ആരാണെന്ന് ഈ (ഗോരക്ഷാ) സംഘത്തോട് ചോദിക്കണം-അദ്ദേഹം നിർദേശിച്ചു.

സ്വയംപ്രഖ്യാപിത നേതാക്കൾ വന്ന് സാമുദായിക വിഷയങ്ങൾ ഉയർത്തി വർഗീയവിഷം തുപ്പിയാൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും പ്രിയങ്ക് ഖാർഗെ ഉത്തരവിട്ടു. ഇവിടെ അനാവശ്യമായ സാമുദായിക കലാപങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ സംഘ്പരിവാർ പ്രൊഫൈലുകൾ രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയാണ് പ്രിയങ്ക്. ഇക്കാര്യം കൂടി ചേർത്താണ് കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ നയത്തിന്റെ ഭാഗമാണ് പ്രിയങ്കിന്റെ നിർദേശമെന്ന് സംഘ്പരിവാർ പ്രൊഫൈലുകൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നത്.

Summary: Karnataka minister Priyank Kharge directs cops to kick and put ‘gaurakshaks’ behind bars if they take law in their hands

TAGS :

Next Story