പരാതി പറയാനെത്തിയ യുവതിയുടെ കരണത്തടിച്ച് ബി.ജെ.പി മന്ത്രി; വീഡിയോ വൈറൽ
അടിച്ച ഉടനെ യുവതി മന്ത്രിയുടെ കാലിൽ വീഴുന്നതും വീഡിയോയിൽ കാണാം
ബംഗളൂരു: പട്ടയം വിതരണം ചെയ്യുന്ന പരിപാടിക്കിടെ യുവതിയുടെ കരണത്തടിച്ച് കർണാടകയിലിലെ ബി.ജെ.പി മന്ത്രി വി സോമണ്ണ. ശനിയാഴ്ചയാണ് സംഭവം. മന്ത്രി യുവതിയുടെ കരണത്തടിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസന മന്ത്രിയായ വി സോമണ്ണ ചാമരാജനഗർ ജില്ലയിലെ ഹംഗല ഗ്രാമത്തിലാണ് പട്ടയം വിതരണം ചെയ്യാനെത്തിയത്. അതിനിടയിൽ പട്ടയം ലഭിക്കാത്ത ഒരു യുവതി മന്ത്രിയുടെ അടുത്തേക്ക് നീങ്ങുന്നതും മന്ത്രി യുവതിയുടെ കരണത്ത് അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അടിച്ച ഉടനെ യുവതി മന്ത്രിയുടെ കാലിൽ വീഴുന്നതും വീഡിയോയിൽ കാണാം.
കർണാടക ലാൻഡ് റവന്യൂ നിയമത്തിലെ സെക്ഷൻ 94 സി പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഭൂമി ക്രമപ്പെടുത്തുന്നതിന് 175 ഓളം പേർക്കാണ് പട്ടയം നൽകിയത്. റവന്യൂ വകുപ്പിന് കീഴിലുള്ള പട്ടയം അനുവദിക്കാത്തതിന്റെ സങ്കടം പറയാനാണ് മന്ത്രിയെ സമീപിച്ചെന്നും അപ്പോഴാണ് തന്നെ തല്ലിയതെന്നും യുവതി പറഞ്ഞതായി എൻ.ടി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
വൈകിട്ട് 3.30ന് നടക്കേണ്ട പരിപാടിയിൽ രണ്ട് മണിക്കൂർ വൈകിയാണ് മന്ത്രിയെത്തിയത്. ഇതാദ്യമായല്ല ഒരു ബി.ജെ.പി മന്ത്രി പരസ്യമായി ജനങ്ങളെ അധിക്ഷേപിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നിയമമന്ത്രിയായിരുന്ന ജെ.സി.മധുസ്വാമി ഒരു കർഷകയായ സ്ത്രീയെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കർണാടകയിലെ ഒരു കോളേജ് പ്രിൻസിപ്പലിനെ ജനതാദൾ (സെക്കുലർ) നേതാവ് തല്ലുന്ന വീഡിയോയും അടുത്തിടെയാണ് പുറത്ത് വന്നത്. കമ്പ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ പ്രിൻസിപ്പലിന് കഴിയാതിരുന്നതിനെ തുടർന്ന് പ്രകോപിതനായാണ് തല്ലിയത്.
Adjust Story Font
16