കര്‍ണാടകയിലെ സ്കൂളിലെ ക്രിസ്മസ് ആഘോഷം ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി
'കോവിഡ് നിയന്ത്രണങ്ങൾ കാരണം വിപുലമായ ആഘോഷം വേണ്ടെന്നു തീരുമാനിച്ചതാണ്. കുട്ടികള്‍ സ്വമേധയാ പണം സമാഹരിച്ച് കേക്ക് ഓർഡർ ചെയ്യുകയായിരുന്നു'
കര്‍ണാടകയിലെ സ്കൂളിലെ ക്രിസ്മസ് ആഘോഷം ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു. മാണ്ഡ്യ ജില്ലയിലെ നിര്‍മല സ്‌കൂളിലെ ആഘോഷമാണ് ഹിന്ദുത്വ പ്രവർത്തകർ തടസ്സപ്പെടുത്തിയത്. സ്കൂളില്‍ അതിക്രമിച്ചു കയറിയ ഒരു കൂട്ടം ആളുകള്‍ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കുകയായിരുന്നുവെന്ന് നിർമല ഇംഗ്ലീഷ് ഹൈസ്‌കൂൾ ആൻഡ് കോളജ് ഹെഡ്മിസ്ട്രസ് കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു-
"ഞങ്ങൾ എല്ലാ വർഷവും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാറുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇത്തവണ ഞങ്ങൾ ആഘോഷം വേണ്ടെന്നു തീരുമാനിച്ചു. വിദ്യാർഥികളുടെ നിർബന്ധപ്രകാരം ചെറിയ ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ സ്വമേധയാ പണം സമാഹരിച്ച് കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളിലൊരാൾ എതിർത്തു"- ഹെഡ്മിസ്ട്രസ് കനിക ഫ്രാൻസിസ് മേരി പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ്മസ് ആഘോഷത്തോട് എതിര്‍പ്പുള്ള രക്ഷിതാവ് ഹിന്ദുത്വ സംഘടനാ നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഘടനാ നേതാക്കള്‍ സ്കൂളിലെത്തി അധികൃതരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. "തീരുമാനം ഞങ്ങൾ നിങ്ങൾക്ക് വിടുകയാണ് മാതാപിതാക്കളേ, ഞങ്ങളിത് കൈകാര്യം ചെയ്താല്‍ സ്ഥിതി വ്യത്യസ്തമായിരിക്കും" എന്ന് കൂട്ടത്തിലൊരാള്‍ ഭീഷണിപ്പെടുത്തിയെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
പരാതി നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി- "അവർ ഞങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ടു. സ്ഥാപനത്തിൽ സരസ്വതി ദേവിയുടെ ഫോട്ടോ തൂക്കുമെന്ന് പറഞ്ഞു. സ്കൂൾ വളപ്പിൽ ഗണേശ ചതുർത്ഥി ആഘോഷിക്കണമെന്ന് ആജ്ഞാപിച്ചു. ഞങ്ങൾ മതപരിവർത്തനം നടത്തുന്നുവെന്നും അവര്‍ ആരോപിച്ചു".
നിര്‍ബന്ധിത മതപരിവർത്തന നിരോധന ബിൽ കർണാടക നിയമസഭ പാസാക്കിയ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആക്രമണമാണിത്. കര്‍ണാടകയില്‍ പള്ളികൾ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങള്‍ക്കു നേരെ അക്രമം തുടരുന്ന പശ്ചാത്തലത്തില്‍ പുതിയ ബില്ലിനെ ആശങ്കയോടെയാണ് ന്യൂനപക്ഷങ്ങള്‍ കാണുന്നത്.
Adjust Story Font
16