Quantcast

കര്‍ണാടക തൂത്തുവാരി കോണ്‍ഗ്രസ്, ബി.ജെ.പി ഓഫീസില്‍ മൂര്‍ഖന്‍; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ അത്യുഗ്രന്‍ വിജയം തന്നെയാണ് ഇന്ന് പ്രധാനമായും ട്വിറ്ററില്‍ നിറഞ്ഞുനിന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-13 14:37:55.0

Published:

13 May 2023 2:36 PM GMT

കര്‍ണാടക തൂത്തുവാരി കോണ്‍ഗ്രസ്,  ബി.ജെ.പി ഓഫീസില്‍ മൂര്‍ഖന്‍; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍
X

അന്ന് ഗംഭീറിന്റെ ടീമിനെ തോൽപ്പിച്ചു, ഇന്ന് പാർട്ടിയെയും; കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ ട്വിറ്റർ ട്രോൾമഴ

കർണാടകയിലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട പരാജയത്തെ പാർട്ടി എം.പിയായ ഗൗതം ഗംഭീറിന്റെ ലഖ്നൗ സൂപ്പർ ജയൻറ്സിന്റെ തോൽവിയോട് ചോർത്തുവായിച്ച് ട്വിറ്റർ ലോകം. മേയ് ഒന്നിന് നടന്ന ഐ.പി.എൽ പോരാട്ടത്തിൽ കർണാടകയുടെ സ്വന്തം ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോട് ഗംഭീർ മെൻററായ ലഖ്നൗ സൂപ്പർ ജയൻറ്സ് പരാജയപ്പെട്ടിരുന്നു. തുടർന്ന് ബാംഗ്ലൂർ സൂപ്പർ താരം വിരാട് കോഹ്ലിയുമായി ഗൗതം ഗംഭീറടക്കമുള്ളവർ ഗ്രൗണ്ടിൽ വെച്ച് വാക്കുതർക്കത്തിലേർപ്പെട്ടു. ഇവർക്ക് ഐ.പി.എൽ പെരുമാറ്റചട്ടം ലംഘിച്ചതിന് ബി.സി.സി.ഐ പിഴ ഈടാക്കിയിരുന്നു. കോഹ്ലിക്കും ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ നൂറു ശതമാനമാണ് പിഴ വിധിച്ചത്. ലഖ്‌നൗവിന്റെ അഫ്ഗാൻ താരം നവീനുൽ ഹഖിന് അമ്പത് ശതമാനവും പിഴ വിധിച്ചു.




'കര്‍ണാടകയിലേതിന് അഭിനന്ദനങ്ങള്‍'; ബി.ജെ.പി നേതാവ് അമിത് മാളവ്യയെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ ചരിത്ര വിജയം എങ്ങും ആഘോഷവും ചര്‍ച്ചയുമായിരിക്കെ യു.പിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്‍റെ വിവരങ്ങള്‍ പങ്കുവെച്ച ബി.ജെ.പി ഐ.ടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയെ ട്രോളി ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്‍ത. ഉത്തര്‍പ്രദേശിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയം നേടിയെന്ന ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് ഹന്‍സല്‍ മെഹ്ത അമിത് മാളവ്യക്ക് അഭിനന്ദനം നേര്‍ന്നത്. യു.പിയിലെ 17ല്‍ 16 കോര്‍പ്പറേഷന്‍ സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്യുന്നുവെന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. ഇത് റീ ട്വീറ്റ് ചെയ്ത് 'കര്‍ണാടകയിലേതിന് അഭിനന്ദനങ്ങള്‍' എന്ന് ഹന്‍സല്‍ മെഹ്ത തിരിച്ചടിച്ചു. ഹന്‍സല്‍ മെഹ്തയുടെ ട്വീറ്റിന് താഴെ നിരവധി പേരാണ് ബി.ജെ.പി നേതാവിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുന്നത്. സുരക്ഷിതനായിരിക്കണമെന്നും ഇ.ഡിയും സിബിഐയും വന്നേക്കാമെന്നും ഒരാള്‍ ഹന്‍സലിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു.

കർണാടക വിജയത്തിൽ കോൺ​ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കർണാടക തെരഞ്ഞെടുപ്പിലെ കൂറ്റൻ വിജയത്തിൽ കോൺ​ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കാളികളായ പാർട്ടി പ്രവർത്തകർക്ക് മോദി നന്ദിയും പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.

"കർണടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കോൺഗ്രസ് പാർട്ടിക്ക് അഭിനന്ദനങ്ങൾ. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് എന്റെ ആശംസകൾ" മോദി ട്വീറ്റ് ചെയ്തു.

”കർണാടക തിരഞ്ഞെടുപ്പിൽ ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ ഞങ്ങൾ കർണാടകയെ സേവിക്കും”- മറ്റൊരു ട്വീറ്റിൽ മോദി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ബിജെപിയെ കെട്ടുകെട്ടിച്ച് 224ൽ 137 സീറ്റുകൾ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തിയിരിക്കുകയാണ് കോൺ​ഗ്രസ്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടതെന്നിരിക്കെയാണ് മികച്ച വിജയത്തോടെ കോൺ​ഗ്രസിന്റെ വമ്പൻ തിരിച്ചുവരവ്.

കേവലം 64 സീറ്റുകളിലേക്ക്‌ ബിജെപി മൂക്കുകുത്തി വീണപ്പോൾ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസിന് 20 സീറ്റുകളും മറ്റുള്ളവർക്ക് നാല് സീറ്റുകളും ലഭിച്ചു.

സംസ്ഥാനത്ത് നേരിട്ടെത്തി മോദി നടത്തിയ വലിയ പ്രചരണങ്ങളും റാലികളുമെല്ലാം പൂർ‍ണമായും പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതു കൂടിയാണ് തെര‍ഞ്ഞെടുപ്പ് ഫലം. കർണാടകയിൽ ബിജെപിയുടെ മോദി ഫാക്ടർ പൂർണമായും തകർന്നടിയുകയായിരുന്നു. 33 റാലികളും 28 റോഡ് ഷോകളുമുൾപ്പെടെയുള്ള വമ്പൻ പരിപാടികൾ സംഘടിപ്പിച്ചിട്ടും അതൊന്നും കാര്യമുണ്ടാക്കിയില്ല.


കര്‍ണാടകയിലെ ബിജെപി ഓഫീസില്‍ മൂര്‍ഖന്‍; പൊലീസെത്തി രക്ഷപ്പെടുത്തി

കര്‍ണാടകയില്‍ വോട്ടെണ്ണെല്‍ പുരോഗമിക്കവെ ഷിഗ്ഗാവോണിലെ ബിജെപി ഓഫീസില്‍ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെത്തി. ഇന്ന് രാവിലെയാണ് ഷിഗ്ഗാവോണിലെ ക്യാമ്പ് ഓഫീസില്‍ അപ്രതീക്ഷിത അതിഥിയായി മൂര്‍ഖന്‍ പാമ്പ് കയറിവന്നത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഓഫീസിലെത്തിയ ഉടനെയാണ് ഓഫീസ് പരിസരത്ത് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ആദ്യം ഭയന്നകന്നു. പിന്നീട് അല്‍പ്പ സമയത്തിനകം പൊലീസ് സഹായത്തോടെയാണ് പാമ്പിനെ പരിസരത്ത് നിന്നും രക്ഷപ്പെടുത്തി കെട്ടിടം സുരക്ഷിതമാക്കിയത്.

'ദ്രാവിഡ നാട്ടില്‍ നിന്നും ബിജെപിയെ തുരത്തി'; കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ സ്റ്റാലിന്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചരിത്ര വിജയം ഉറപ്പിച്ചതോടെ അഭിനന്ദനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദ്രാവിഡ നാട്ടില്‍ നിന്നും ബിജെപിയെ പൂര്‍ണമായും തുരത്തിയതായി സ്റ്റാലിന്‍ ട്വിറ്ററില്‍ പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും പുനഃസ്ഥാപിക്കുന്നതിനായി 2024ലെ പൊതുതെരഞ്ഞെടുപ്പ് വിജയിക്കാൻ എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതും രാജ്യത്തെ ഉയര്‍ന്ന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തതും ഹിന്ദി അടിച്ചേല്‍പ്പിച്ചതും വ്യാപകമായ അഴിമതികളും കര്‍ണാടകയിലെ ജനങ്ങള്‍ വോട്ട് ചെയ്യും മുമ്പ് മനസ്സില്‍ ഓര്‍ത്തതായി സ്റ്റാലിന്‍ പറഞ്ഞു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് കൃത്യമായ മറുപടി നല്‍കി കന്നഡിക അഭിമാനം ഉയര്‍ത്തി പിടിച്ചതായും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

'സർ, നിങ്ങൾക്ക് ഞാൻ മൈസൂർ പാക്ക് കൊടുത്തയയ്ക്കാം'; അധിക്ഷേപിച്ച ബിജെപി നേതാവിനോട് രാജ്ദീപ് സർദേശായി

ചാനൽ ചർച്ചയ്ക്കിടെ വ്യക്തിപരമായി അധിക്ഷേപിച്ച ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യയോട് 'മധുരപ്രതികാരം' ചെയ്ത് ചാനൽ അവതാരകൻ രാജ്ദീപ് സർദേശായി. വാജ്‌പേയിയും അദ്വാനിയും പ്രതിനിധാനം ചെയ്ത പാർട്ടിയിലാണ് താങ്കളെന്നും അധിക്ഷേപത്തിന് പകരമായി മൈസൂർ പാക്ക് കൊടുത്തയയ്ക്കാമെന്നും സർദേശായി പറഞ്ഞു.

കർണാടക തെരഞ്ഞെടുപ്പ് വിധിയുമായി ബന്ധപ്പെട്ട ഇന്ത്യ ടുഡേ ചാനൽ ചർച്ചയിലായിരുന്നു ഇരുവരും തമ്മിലുള്ള വാഗ്വാദം. ചോദ്യം ഉന്നയിച്ച രാജ്ദീപിനോട്, 'കർണാടകയിൽ ഹിജാബ്, ഹലാൽ തുടങ്ങിയ വിഷയങ്ങൾ തോൽവിക്ക് കാരണമായി എന്ന് പറയുന്നത് നിങ്ങളുടെ പ്രൊപ്പഗണ്ടയാണ്. ബിജെപി എങ്ങനെ 2024ൽ വിജയിച്ചു എന്ന മൂന്നാമത്തെ പുസ്തകം നിങ്ങൾ എഴുതേണ്ടി വരും. നിങ്ങൾ മാധ്യമപ്രവർത്തനം അവസാനിപ്പിക്കണം. സോണിയാ ഗാന്ധിയോട് പറഞ്ഞ് ഒരു രാജ്യസഭാ സീറ്റ് തരപ്പെടുത്തണം.' എന്നാണ് മാളവ്യ പറഞ്ഞത്.

'നിങ്ങൾ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോഴെല്ലാം ഞാൻ ചിരിക്കുകയായിരുന്നു. നിങ്ങൾ വാജ്‌പേയിയുടെയും അദ്വാനിയുടെയും പാർട്ടിക്കാരനാണ്. തോൽക്കുമ്പോൾ ചിരിക്കുകയായിരുന്നു അവർ. വ്യക്തി വിദ്വേഷത്തിലേക്ക് ഇതിനെ ചുരുക്കരുത്. എന്നെ വിരട്ടാൻ നോക്കേണ്ട. ഒരു നല്ല ദിനം നേരുന്നു. ഞാൻ നിങ്ങൾക്ക് മൈസൂർ പാക്ക് അയച്ചുതരാം. ഇതെന്റെ വാഗ്ദാനമാണ്. നിങ്ങൾ യുപിയിലെ ലഡു എനിക്കയച്ചു തരൂ' - എന്നായിരുന്നു രാജ്ദീപിന്റെ മറുപടി.

പ്രധാനമന്ത്രി വന്നാലും ഒന്നും സംഭവിക്കില്ലെന്ന് ഇപ്പോള്‍ മനസിലായി: സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും കര്‍ണാടകയില്‍ ഒന്നും സംഭവിക്കില്ലെന്നും ഇപ്പോള്‍ അതു വ്യക്തമായെന്നും സിദ്ധരാമയ്യ പറഞ്ഞു. ''ഞങ്ങൾ 120 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിക്കും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദിന് നോബോൾ അനുവദിച്ചില്ല; ലഖ്‌നൗ ഡഗ്ഗൗട്ടിലേക്ക് വസ്തുക്കൾ വലിച്ചെറിഞ്ഞ് കാണികൾ, മത്സരം തടസ്സപ്പെട്ടു

ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെയുള്ള ഐ.പി.എൽ മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്‌സിന് നോബോൾ അനുവദിക്കാത്തതിനെ തുടർന്ന് കാണികളുടെ പ്രതിഷേധം. ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന്റെ ഡഗ്ഗൗട്ടിലേക്ക് പലതും വലിച്ചെറിഞ്ഞാണ് കാണികൾ പ്രതിഷേധിച്ചത്. ഇതോടെ പത്ത് മിനിട്ടോളം മത്സരം തടസ്സപ്പെട്ടു. ലഖ്‌നൗ താരങ്ങളും സ്റ്റാഫും കൂടി നിന്നതോടെ ഫീൽഡ് അംപയർമാർ ഇടപെട്ടു.

സഞ്ജുപ്പട സൂക്ഷിച്ചോ; ഹൈദരാബാദിനെ തോൽപ്പിച്ച് ലഖ്‌നൗ മുന്നോട്ട്

ഐ.പി.എൽ പ്ലേ ഓഫ് റൗണ്ടിലേക്ക് അടുക്കവേ ഹൈദരാബാദ് സൺറൈസേഴ്‌സിനെ തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് മുന്നോട്ട്. ഏഴു വിക്കറ്റിനാണ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ വെച്ച് ടീം തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 182 റൺസാണ് നേടാനായത്. ഈ സ്‌കോർ 19.2 ഓവറിൽ ലഖ്‌നൗ പട മറികടന്നു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് ടീം നേടിയത്. പ്രേരക് മങ്കാദ് (64), നിക്കോളാസ് പൂരൻ (44), മാർകസ് സ്‌റ്റോണിസ് (40) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് സന്ദർശകർക്ക് തുണയായത്. കേവലം 13 പന്തിൽ നിന്നാണ് നിക്കോളാസ് 44 റൺസെടുത്തത്. സ്‌റ്റോണിസിന്റെ വേട്ട 25 പന്തിൽ നിന്നായിരുന്നു.



TAGS :

Next Story