ആർ.എസ്.എസ് സ്ഥാപകനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സിലബസിൽനിന്ന് ഒഴിവാക്കാനൊരുങ്ങി കർണാടക
ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടെന്ന് അധ്യാപകർക്ക് നിർദേശം നൽകി ഉടൻ സർക്കുലർ പുറത്തിറക്കും.
ബംഗളൂരു: ആർ.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ സ്‌കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കാനൊരുങ്ങി കർണാടകയിലെ കോൺഗ്രസ് സർക്കാർ. ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ മറ്റു പാഠഭാഗങ്ങളും പഠിപ്പിക്കേണ്ടെന്ന് അധ്യാപകർക്ക് നിർദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സർക്കുലർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.
വലതുപക്ഷക്കാരനായ ചക്രവർത്തി സുലിബെലെ, ബന്നാഞ്ചെ ഗോവിന്ദാചാര്യ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കും. 2023-24 അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങൾ പുനഃപ്രസിദ്ധികരിക്കില്ല, പക്ഷേ ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടെന്ന് അധ്യാപകർക്ക് നിർദേശം നൽകും.
സ്‌കൂൾ സിലബസിൽ വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി സിദ്ധരാമയ്യ, വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നതായാണ് വിവരം. അധ്യാപനം, പരീക്ഷ, മൂല്യനിർണയം എന്നിവയിൽനിന്ന് വിവാദപരവും ആക്ഷേപകരവുമായ പാഠങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബി.ജെ.പി സർക്കാരിന്റെ കാലത്ത് ഉൾപ്പെടുത്തിയ വിവാദ പാഠഭാഗങ്ങളെ കുറിച്ച് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സിദ്ധരാമയ്യ നിർദേശിച്ചു. ഔദ്യോഗിക സർക്കുലർ പുറത്തിറക്കുന്നതിന് മുമ്പ് മന്ത്രിസഭ വിഷയം ചർച്ച ചെയ്യും.
Adjust Story Font
16