‘നമുക്കൊരുമിച്ച് പുനർനിർമിക്കാം’; കർണാടക 100 വീടുകൾ നിർമിച്ച് നൽകും
നന്ദി പറഞ്ഞ് രാഹുൽ ഗാന്ധിയും പ്രിയങ്കയും
ബെംഗളൂരു: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കായി 100 വീടുകൾ നിർമിച്ച് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. ‘വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കർണാടക കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഞങ്ങളുടെ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുകയും കർണാടക 100 വീടുകൾ ദുരന്തബാധിതർക്ക് നിർമിച്ച് നൽകുകയും ചെയ്യും. നമ്മൾ ഒരുമിച്ച് പുനർനിർമിക്കുകയും പ്രത്യാശ പുനഃസ്ഥാപിക്കുകയും ചെയ്യും’ -സിദ്ധരാമയ്യ ‘എക്സി’ൽ കുറിച്ചു.
കർണാടകയുടെ തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നന്ദി പറഞ്ഞു.
നേരത്തേ കർണാടക വയനാട്ടിലേക്ക് രക്ഷാദൗത്യ സംഘത്തെയടക്കം അയച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ നിരോധനത്തിന് താൽക്കാലിക ഇളവും നൽകിയിരുന്നു. തമിഴ്നാടും വലിയ പിന്തുണ കേരളത്തെ അറിയിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അറിയിച്ചിരുന്നു.
Adjust Story Font
16