ബിജെപിയുടെ മതംമാറ്റ നിരോധന നിയമം: കർണാടകയിൽ ക്രിസ്ത്യൻ വിരുദ്ധ ആക്രമണം രൂക്ഷമെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ക്രൈസ്തവവിരുദ്ധ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചത്തീസ്ഗഢാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കർണാടകയിൽ 32 അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ രണ്ടുമാസം കർണാടകയിൽ ക്രിസ്ത്യൻ സമൂഹത്തിനെതിരെ ഹിന്ദുത്വ ആക്രമണം ശക്തമായതായി വസ്തുതാന്വേഷണ റിപ്പോർട്ട്. കർണാടകയിലെ ബിജെപി സർക്കാർ മതപരിവർത്തന നിരോധന നിയമം അവതരിപ്പിച്ചതിനു പിറകെയാണ് ക്രിസ്ത്യൻ സമൂഹത്തിനെതിരെ ആക്രമണം രൂക്ഷമായത്. രാജ്യത്ത് ക്രിസ്ത്യൻവിരുദ്ധ ആക്രമണങ്ങളിൽ മൂന്നാം സ്ഥാനത്താണ് കർണാടകയുള്ളതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
യുനൈറ്റഡ് ക്രിസ്റ്റ്യൻസ് ഫോറം(യുസിഎഫ്), അസോഷിയേഷൻ ഫോർ പ്രോടക്്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്(എപിസിആർ), യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് എന്നിവ ചേർന്നു തയാറാക്കിയ പഠനത്തിലാണ് കർണാടകയിലെ ക്രൈസ്തവിരുദ്ധ ആക്രമണങ്ങളുടെ വിശദമായ റിപ്പോർട്ടുള്ളത്. ഈ വർഷം ഇതുവരെ കർണാടകയിൽ മാത്രം ക്രിസ്ത്യൻ സമൂഹത്തിനുനേരെ 27 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ചു സംഭവങ്ങളും കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെയാണ് നടന്നത്.
ഈ വർഷം സെപ്റ്റംബർ വരെ രാജ്യത്ത് ക്രിസ്ത്യൻ സമൂഹത്തിനുനേരെ 305 അക്രമസംഭവങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 288 ആൾക്കൂട്ട ആക്രമണങ്ങൾ, ക്രിസ്ത്യൻ ചർച്ചുകൾക്കുനേരെയുള്ള 28 അക്രമസംഭവങ്ങൾ എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. 1,331 സ്ത്രീകൾക്കും 588 ആദിവാസികൾക്കും 513 ദലിതുകൾക്കും ആക്രമണങ്ങളിൽ പരിക്കേറ്റു. ഇതോടൊപ്പം ഈ വർഷം 85 തവണ ക്രിസ്ത്യൻ പ്രാർത്ഥനാ ചടങ്ങുകൾ പൊലീസ് തടയുകയും ചെയ്തതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ(66) റിപ്പോർട്ട് ചെയ്തത്. ചത്തീസ്ഗഢാണ് രണ്ടാം സ്ഥാനത്ത്; 47. മൂന്നാം സ്ഥാനത്തുള്ള കർണാടകയിൽ 32 അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് കാര്യമായും ക്രിസ്ത്യൻ സമൂഹത്തിനെതിരെ ബജ്രങ്ദൾ അടക്കമുള്ള സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്രമണം നടക്കുന്നത്. കർണാടകയിൽ ബിജെപി സർക്കാർ മതപരിവർത്തന നിരോധന നിയമം നടപ്പാക്കാൻ നീക്കം ആരംഭിച്ച ശേഷം ഇത് കൂടിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ 10നും നവംബർ 14നും ഇടയിൽ അഞ്ചിലേറെ ഹിന്ദുത്വ ആക്രമണങ്ങൾ നടന്നു. ഉഡുപ്പി, ബെലാഗവി, ഉത്തര കന്നഡ, ചിത്രദുർഗ, ബംഗളൂരു എന്നിവിടങ്ങളിലാണ് കാര്യമായ അക്രമങ്ങളും റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞയാഴ്ച ബെലാഗവിയിൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്ന് പൊലീസ് ക്രിസ്ത്യൻ മതപുരോഹിതന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഹിന്ദുത്വ ആക്രമണത്തിനു സാധ്യതയുണ്ടെന്നും സംരക്ഷണം നൽകാനാകില്ലെന്നുമായിരുന്നു പൊലീസ് അറിയിച്ചത്.
Adjust Story Font
16