ഓസ്കര്‍ നേടിയ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ഒരു കോടി രൂപ സമ്മാനിച്ച് തമിഴ്നാട് സര്‍ക്കാര്‍
പുരസ്കാര നേട്ടത്തില്‍ സംവിധായികയെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചു
കാര്‍ത്തികി ഗോണ്‍സാല്‍വസ് പാരിതോഷികം സ്വീകരിക്കുന്നു
ചെന്നൈ: ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി 'ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ' സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് നാട്ടിലെത്തി. തിങ്കളാഴ്ചയാണ് ഓസ്കറിന്‍റെ തിളക്കവുമായി കാര്‍ത്തികി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. പുരസ്കാര നേട്ടത്തില്‍ സംവിധായികയെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഒരു കോടി രൂപയുടെ ചെക്ക് കാര്‍ത്തികിക്ക് സമ്മാനിച്ചു. പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വിമാനത്താവളത്തിലെത്തിയ കാര്‍ത്തികിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
Tamil Nadu Government announces cash prize of Rs.1Crore to Kartiki Gonsalves, the director of Oscar-winning short documentary feature #TheElephantWhisperers 👏👏👏
— Christopher Kanagaraj (@Chrissuccess) March 21, 2023
pic.twitter.com/1mXx1CPWHD
നേരത്തെ സ്റ്റാലിന്‍ ഡോക്യുമെന്‍ററിക്ക് ആധാരമായ മുതുമലയിലെ കുട്ടിയാനകളെ പരിചരിച്ച ദമ്പതികളായ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ വിവിധ ആനക്യാമ്പുകളിലെ 91 കെയര്‍ടേക്കര്‍മാര്‍ക്കും സര്‍ക്കാര്‍ നിരവധി സമ്മാനങ്ങളും പുതിയ നവീകരണ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.
കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത 'ദി എലിഫന്‍റ് വിസ്പറേഴ്സ് ', മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ -ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്‍ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. 40 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം.2022 ഡിസംബര്‍ 8ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഡോക്യുമെന്‍ററികള്‍ക്കായുള്ള ചലച്ചിത്രമേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്‍റെ ലോക പ്രീമിയര്‍ പ്രദര്‍ശനം. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം മാത്രമല്ല ചുറ്റുപാടുകളെയും പ്രകൃതി സൗന്ദര്യത്തെയും മനോഹരമായി ഒപ്പിയെടുക്കുന്നുണ്ട് ദി എലിഫന്‍റ് വിസപ്റേഴ്സ്.
Adjust Story Font
16