Quantcast

വിഎച്ച്പി യോ​ഗത്തിൽ പങ്കെടുത്ത് 30ലേറെ റിട്ട. ജഡ്ജിമാർ; മസ്ജിദ്- ക്ഷേത്ര തർക്കങ്ങളും വഖഫ് ബില്ലുമുൾപ്പെടെ ചർച്ച

സംഘ്പരിവാർ ആരോപണവും അവകാശവാദവും ഉന്നയിച്ച വിവിധ വിഷയങ്ങൾ കോടതികളിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു യോ​ഗം

MediaOne Logo

Web Desk

  • Updated:

    2024-09-10 05:14:40.0

Published:

10 Sep 2024 5:12 AM GMT

Kashi-Mathura dispute, Waqf Bill discusses at VHP meet with former Judges
X

ന്യൂഡൽഹി: സംഘ്പരിവാർ സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) വിളിച്ചുചേർത്ത യോ​ഗത്തിൽ പങ്കെടുത്ത് നിരവധി റിട്ട. ജഡ്ജിമാർ. സുപ്രിംകോടതിയിൽനിന്നും വിവിധ ഹൈക്കോടതികളിൽനിന്നും വിരമിച്ച 30ലേറെ ജഡ്ജിമാരാണ് ‌രാജ്യതലസ്ഥാനത്ത് വിഎച്ച്പി സംഘടിപ്പിച്ച യോ​ഗത്തിൽ പങ്കാളികളായത്.

വിഎച്ച്പിയുടെ വിധി പ്രകോഷ്തി (ലീ​ഗൽ സെൽ) ന്റെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന യോ​ഗത്തിൽ വാരാണസിയിലെ ​ഗ്യാൻവാപി പള്ളി, മഥുര ഈ​ദ്​ഗാ​ഹ് മസ്ജിദ്- ക്ഷേത്ര തർക്കങ്ങളും വഖഫ് ബില്ലുമുൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ചയായത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും യോ​ഗത്തിൽ പങ്കെടുത്തു.

'സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലേയും വിരമിച്ച ജഡ്ജിമാരെ ഞങ്ങൾ യോ​ഗത്തിലേക്ക് ക്ഷണിച്ചിരുന്നു. വഖഫ് ഭേദ​ഗതി ബിൽ, ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കൽ, സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾ വിശ്വാസി സമൂഹത്തിനു കൈമാറൽ, മതപരിവർത്തനം തുടങ്ങിയ സമൂഹത്തിലെ സുപ്രധാന പ്രശ്നങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. ‌ജഡ്ജിമാരും വിഎച്ച്‌പിയും തമ്മിൽ സ്വതന്ത്രമായ ആശയവിനിമയം നടത്തുകയും അതുവഴി പരസ്‌പരം മനസിലാക്കുകയും ചെയ്യുക എന്നതായിരുന്നു യോ​ഗത്തിന്റെ ലക്ഷ്യം'- വിഎച്ച്‌പി പ്രസിഡൻ്റ് അലോക് കുമാർ പറഞ്ഞു.

ആശയങ്ങൾ പരസ്പരം കൈമാറാനുള്ള ഒരു വേദിയായിരുന്നു യോ​ഗമെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. ''ദേശീയതയും ഹിന്ദുത്വവും' എന്ന വിഷയത്തിൽ അവിടെ ചർച്ച നടന്നു. ഹിന്ദുക്കളെ ബാധിക്കുന്ന നിയമങ്ങൾ, ക്ഷേത്രങ്ങളുടെ വിമോചനം, മതപരിവർത്തനം, പശുക്കളെ കൊല്ലൽ, വഖഫ് ബോർഡ് എന്നിവയും ചർച്ച ചെയ്തു''- ബൻസാൽ വ്യക്തമാക്കി.

യോ​ഗത്തിനു പിന്നാലെ, ഇതിന്റെ ചിത്രങ്ങൾ കേന്ദ്രമന്ത്രി മേഘ്‌വാൾ എക്സിൽ പങ്കുവച്ചിരുന്നു. മുതിർന്ന വിഎച്ച്പി നേതാക്കളും നിരവധി മുൻ ജഡ്ജിമാർക്കൊപ്പം യോ​ഗം ചേരുന്ന ചിത്രങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. ഇന്ത്യയെ വികസിത രാജ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ജുഡീഷ്യൽ പരിഷ്കാരങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടന്നതായും റിട്ടയേർഡ് ജഡ്ജിമാർ, നിയമജ്ഞർ, മുതിർന്ന അഭിഭാഷകർ, ബുദ്ധിജീവികൾ എന്നിവർ പങ്കെടുത്തതായും മേഘ്‌വാൾ കൂട്ടിച്ചേർത്തു.

ജഡ്ജിമാരുടെ പങ്ക് വിരമിക്കലിന് ശേഷം അവസാനിക്കുന്നില്ലെന്നും അവർ രാഷ്ട്ര നിർമാണത്തിൽ ഏർപ്പെട്ട് സംഭാവന നൽകണമെന്നും ഒരു മുതിർന്ന വിഎച്ച്പി നേതാവ് പ്രതികരിച്ചു. 'ഇതാദ്യമായാണ് ഞങ്ങൾ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇനി പതിവായി നടത്താനാണ് പദ്ധതി. ഇത്തരം ആശയ വിനിമയം അജണ്ടകൾ മുന്നോട്ടുകൊണ്ടുപോവാൻ ആവശ്യമായ നിയമപരമായ ധാരണകൾ വളർത്താൻ ഞങ്ങളെ സഹായിക്കും. എല്ലാത്തിനുമുപരി, ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടാനുള്ള നിയമവഴികൾ നോക്കുകയാണ് ഞങ്ങൾ'- ഒരു മുതിർന്ന വിഎച്ച്പി നേതാവ് പറഞ്ഞു.

സംഘ്പരിവാർ ആരോപണവും അവകാശവാദവും ഉന്നയിച്ച വിവിധ വിഷയങ്ങൾ കോടതികളിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു യോ​ഗം എന്നതാണ് ശ്രദ്ധേയം. വാരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്രം- ​ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ കൃഷ്ണ ജന്മഭൂമി- ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ കേസുകൾ നിലവിൽ കോടതികളിലാണ്. ​

ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ കോടതികളിൽ എത്തുകയും സുപ്രധാന നിരീക്ഷണങ്ങൾക്കു വിധേയമാവുകയും ചെയ്തി‌‌ട്ടുണ്ട്. പ്രധാന ബിജെപി സഖ്യകക്ഷികളായ ജെഡിയു, എൽജെപി എന്നീ പാർട്ടികൾ എതിർപ്പറിയിച്ചതോടെ വഖഫ് ബിൽ പാർലമെൻ്റിൻ്റെ സംയുക്ത സമിതിയുടെ അവലോകനത്തിനായി വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് വിരമിച്ച ജഡ്ജിമാരെ പങ്കെടുപ്പിച്ച് വിഎച്ച്പി യോ​ഗം ചേർന്നത്.



TAGS :

Next Story