ജമ്മുകശ്മീരിൽ 93 ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന വധിച്ചത് 172 ഭീകരരെ
കൊല്ലപ്പെട്ടവരിൽ 108 പേർ ലഷ്‌കർ ഇ ത്വയ്ബ അംഗങ്ങളാണ്
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനും അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം കാഴ്ച വെക്കാൻ കഴിഞ്ഞതായി കണക്കുകൾ. ജമ്മു കശ്മീരിൽ മാത്രം 172 ഭീകരരെ ആണ് സുരക്ഷാ സേന 2022ൽ വധിച്ചത്. രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിലും അന്വേഷണ ഏജൻസികൾ മികവ് പുലർത്തി.
42 വിദേശികൾ ഉൾപ്പടെ 172 ഭീകരരെ ആണ് പോലീസും സൈന്യവും ചേർന്ന് ജമ്മു കശ്മീരിൽ വധിച്ചത്. 93 ഏറ്റുമുട്ടലാണ് ഈ കാലയളവിൽ ജമ്മുവിലും കശ്മീരിലുമായി ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ 108 പേർ ലഷ്‌കർ ഇ ത്വയ്ബ അംഗങ്ങളും 35 പേർ ജെയഷ് എ മുഹമ്മദ് അംഗങ്ങളും ആണ്. അതിർത്തി വഴിയുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിലും മയക്ക് മരുന്ന് കടത്ത് പരാജയപ്പെടുത്തുന്നതിലും ബിഎസ്എഫും കരുത്ത് തെളിയിച്ചു. പഞ്ചാബ് വഴി കടത്താൻ ശ്രമിച്ച 317 കിലോഗ്രാം ലഹരി വസ്തുക്കളാണ് ബിഎസ്എഫ് പിടിച്ചെടുത്തത്.
22 ഡ്രോണുകളും ഇക്കാലയളവിൽ അതിർത്തി രക്ഷാ സേന തകർത്തു. തോക്ക് ഉൾപ്പടെ 67 ആയുധങ്ങളാണ് പിടിയിലായ 23 പാക്കിസ്ഥാൻ നുഴഞ്ഞ് കയറ്റക്കാരിൽ നിന്ന് ബിഎസ്എഫ് പിടിച്ചെടുത്തത്. 2022 ൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് വർധനവ് ഉണ്ടായിട്ടുണ്ട്. 73 കേസുകളാണ് 2022ൽ എൻഐഎ രജിസ്റ്റർ ചെയ്തത്. 2021നെ അപേക്ഷിച്ച് 19.67% ആണ് വർധനവ്. ഇതിൽ 58 കേസുകളിൽ കുറ്റപത്രം സമർപ്പിക്കാനും എൻഐഎക്ക് കഴിഞ്ഞു. രാഷ്ട്രീയ ആരോപണങ്ങൾ ഏറെ നേരിടുന്ന സിബിഐ, ഇഡി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളും മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ കേസുകൾ ഏറ്റെടുത്ത വർഷം കൂടിയായിരുന്നു 2022.
Adjust Story Font
16