ഉയർന്ന പോളിങ്ങിൽ കമ്മീഷന് തൃപ്തി; കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ
2019നെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ അധിക പോളിങ് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ 35 വർഷത്തിനിടെ ഏറ്റവും ഉയർന്ന പോളിങ്ങാണ് കശ്മീരിൽ രേഖപ്പെടുത്തിയത്. 2019നെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ അധിക പോളിങ് നടന്നതായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. വോട്ടർമാരെപ്പോലെത്തന്നെ സ്ഥാനാർഥികളുടെ എണ്ണത്തിലും 25 ശതമാനത്തിന്റെ വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 19ന് ഉദ്ധംപൂരിൽ നടന്ന വോട്ടെടുപ്പിൽ 68 ശതമനാം പോളിങ് രേഖപ്പെടുത്തി. ജമ്മുവിൽ 72 ശതമാനവും ബരാമുല്ലയിൽ 59 ശതമാനവും അനന്ത്‌നാഗിൽ 54.6 ശതമാനവും വോട്ട് രേഖപ്പെടുത്തിയപ്പോൾ ശ്രീനഗറിൽ 38.49 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. 58.46 ആണ് ശരാശരി പോളിങ് ആയി കണക്കാക്കിയിരിക്കുന്നത്.
ഉയർന്ന പോളിങ് ശുഭസൂചനയാണെന്നും അതുകൊണ്ട് എത്രയും വേഗം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ രാജീവ് കുമാർ പറഞ്ഞു. കശ്മീർ താഴ്‌വരയിൽ മൂന്ന് മണ്ഡലങ്ങളാണുള്ളത്. ശ്രീനഗർ, ബരാമുല്ല, അനന്ത്‌നാഗ് എന്നിവയാണ് ഈ മേഖലയിലെ മണ്ഡലങ്ങൾ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിങ് ആണിത്. ഇത് തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
2019ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. സെപ്റ്റംബർ 30ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മറ്റ് അഞ്ച് സംസ്ഥാനങ്ങൾക്കൊപ്പം ഇവിടെയും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കമ്മീഷൻ അത് നീട്ടിവെക്കുകയായിരുന്നു.
മോദി സർക്കാരിന്റെ കശ്മീർ നയം ശരിയാണെന്നാണ് ഉയർന്ന പോളിങ് തെളിയിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വിഘടനവാദികൾ പോലും വോട്ട് ചെയ്‌തെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് മുമ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള നടപടികളും ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Adjust Story Font
16