Quantcast

ഡല്‍ഹി മദ്യനയക്കേസ്; കെസിആറിന്‍റെ മകള്‍ എ.എ.പിക്ക് 100 കോടി നല്‍കിയതായി ഇ.ഡി

‘അരബിന്ദോ’ ശരത് ചന്ദ്ര റെഡ്ഡിയും വൈ.എസ്.ആർ കോൺഗ്രസ് എം.പി മഗുന്ത ശ്രീനിവാസല റെഡ്ഡിയുമാണ് മറ്റ് രണ്ട് ഗുണഭോക്താക്കളെന്നും ഇ.ഡി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    21 Dec 2022 5:08 AM GMT

ഡല്‍ഹി മദ്യനയക്കേസ്; കെസിആറിന്‍റെ മകള്‍ എ.എ.പിക്ക് 100 കോടി നല്‍കിയതായി ഇ.ഡി
X

ഹൈദരാബാദ്: ആം ആദ്മി പാർട്ടിയെ കൂടാതെ ഡൽഹി മദ്യ കുംഭകോണത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കളിൽ ഒരാളാണ് ഭാരത് രാഷ്ട്ര സമിതി എം.എൽ.സിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കെ.കവിതയെന്ന് ത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. 'അരബിന്ദോ' ശരത് ചന്ദ്ര റെഡ്ഡിയും വൈ.എസ്.ആർ കോൺഗ്രസ് എം.പി മഗുന്ത ശ്രീനിവാസല റെഡ്ഡിയുമാണ് മറ്റ് രണ്ട് ഗുണഭോക്താക്കളെന്നും ഇ.ഡി വ്യക്തമാക്കി.

ഇവര്‍ മൂന്ന് പേർ അടങ്ങുന്ന 'സൗത്ത് ഗ്രൂപ്പ്' അരവിന്ദ് കേജ്‍രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് 100 കോടി രൂപ നല്‍കിയതായി അഴിമതിയിൽ ഉൾപ്പെട്ട വിവിധ വ്യക്തികളുടെ അന്വേഷണവും രേഖപ്പെടുത്തിയ മൊഴികളും പരാമർശിച്ച് ഇ.ഡി കുറ്റപത്രത്തിൽ ആരോപിച്ചു. കൈക്കൂലി നല്‍കിയതിനു പകരമായി സൗത്ത് ഗ്രൂപ്പ് മൊത്തവ്യാപാരവും നിരവധി റീട്ടെയിൽ സോണുകളും സ്വന്തമാക്കി.ഇൻഡോസ്പിരിറ്റിലെ അരുൺ പിള്ളയുടെ പ്രോക്‌സി മുഖേന മഗുണ്ട കുടുംബത്തോടൊപ്പം കവിത 65 ശതമാനം കൈവശം വച്ചിട്ടുണ്ടെന്നും 14 കോടി കുപ്പികൾ ചില്ലറ വിൽപ്പനയിലൂടെ വിറ്റ് 195 കോടി രൂപ ലാഭമുണ്ടാക്കിയെന്നും ഇ.ഡി പറയുന്നു. എ.എ.പിയെ പ്രതിനിധീകരിച്ച് വിജയ് അറോറ രാജ്യത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിൽ ഒന്നായ പെർനോഡ് റിക്കോർഡിനെ ഡൽഹിയിലെ മൊത്തക്കച്ചവടക്കാരനായി ഇൻഡോസ്പിരിറ്റിനെ മാറ്റാൻ നിർബന്ധിച്ചതായി ഇഡി ആരോപിച്ചു. സൗത്ത് ഗ്രൂപ്പും എഎപിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം, വിൽപനയിലൂടെ ലഭിക്കുന്ന 12 ശതമാനം ലാഭം അവർക്കിടയിൽ തുല്യമായി പങ്കിടും.

തെളിവുകൾ നീക്കം ചെയ്യുന്നതിനായി കവിത ഡസനോളം മൊബൈൽ ഫോണുകൾ നശിപ്പിച്ചതായി ഇഡി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കവിതയും വിജയ് നായരും ഒബ്‌റോയ് മെയ്‌ഡൻസിൽ വെച്ച് ആം ആദ്മി പാർട്ടിക്ക് നൽകിയ കൈക്കൂലി തിരിച്ചുപിടിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തതായി ഇൻഡോസ്പിരിറ്റിൽ കവിതയുടെ ബിനാമിയെന്ന് ഇഡി ആരോപിക്കുന്ന അരുൺ പിള്ള തന്‍റെ മൊഴിയിൽ വെളിപ്പെടുത്തി.ഇൻഡോസ്പിരിറ്റിൽ കവിതയെ പ്രതിനിധീകരിച്ച് പ്രവർത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മദ്യനയത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.ഡി കവിതയുടെ പേര് പരാമര്‍ശിച്ചതിനു പിന്നാലെ കവിത രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രിക്ക് മുന്‍പേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എത്തുന്നുവെന്നായിരുന്നു കവിത പറഞ്ഞത്.അതേസമയം, ഡല്‍ഹി മദ്യക്കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് കവിത നേരത്തെ പറഞ്ഞിരുന്നു. കേസില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ചില ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നെന്ന് പറഞ്ഞ കവിത ബി.ജെ.പി നേതാക്കളായ എംപി പര്‍വേഷ് വര്‍മ്മ, മജീന്ദര്‍ സിര്‍സ എന്നിവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും പറഞ്ഞിരുന്നു.

TAGS :

Next Story