Quantcast

ഫോണിൽ ചാരസോഫ്റ്റ്​വെയർ കണ്ടെത്തി; ബി.ജെ.പിക്കെതിരെ കെ.സി. വേണുഗോപാൽ

‘മോദി സർക്കാറിന്റേത് ഭരണഘടനാ വിരുദ്ധവും ക്രിമിനൽ നടപടിയുമാണ്’

MediaOne Logo

Web Desk

  • Published:

    13 July 2024 12:30 PM GMT

KC Venugopal says congress did not fall into any trap of BJP
X

ന്യൂഡൽഹി: തന്റെ ​ഫോണിൽ ചാരസോഫ്റ്റ്​വെയർ കണ്ടെത്തിയതായുള്ള മുന്നറിയിപ്പ് ലഭിച്ചെന്നും ബി.ജെ.പി സർക്കാറാണ് ഇതിന് പിന്നിലെന്നും കേൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ‘നിങ്ങളുടെ പ്രിയപ്പെട്ട ഉപദ്രവകരമായ സ്പൈവയർ എന്റെ ഫോണിലേക്കും അയച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി’ -കെ.സി. വേണുഗോപാൽ എക്സിൽ കുറിച്ചു.

‘നിങ്ങളുടെ ഈ പ്രത്യേക സമ്മാനത്തെക്കുറിച്ച് അറിയിക്കാൻ ആപ്പിൾ ദയ കാണിച്ചിട്ടുണ്ട്. മോദി സർക്കാറിന്റേത് ഭരണഘടനാ വിരുദ്ധവും ക്രിമിനൽ നടപടിയുമാണെന്ന് വ്യക്തമാക്കുകയാണ്. രാഷ്ട്രീയ എതിരാളികളുടെ പിറകെപോയി അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ്. ബി.ജെ.പിയുടെ ഫാസിഷ്റ്റ് അജണ്ടയും ഭരണഘടനക്ക് നേരെയുള്ള ആക്രമണവും ജനം നിരസിക്കുമെന്ന സന്ദേശമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നൽകിയത്. ഭരണഘടാനവിരുദ്ധവും സ്വകാര്യതയെ ലംഘിക്കുന്നതുമായ ഈ നടപടിയെ നഗ്നമായി എതിർക്കും’ -കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ആപ്പിളിൽനിന്ന് ലഭിച്ച സന്ദേശവും കെ.സി. വേണുഗോപാൽ പങ്കുവെച്ചിട്ടുണ്ട്. ‘ഇത് ആവർത്തിച്ചുള്ള അറിയിപ്പല്ല. നിങ്ങളുടെ ഫോണിന് നേരെ നടന്ന ആക്രമ​ണത്തെക്കുറിച്ചുള്ള അറിയിപ്പാണിത്’ -എന്നാണ് സ​ന്ദേശത്തിലുള്ളത്.

തന്റെ ഫോൺ പെഗാസസ് സ്‌പൈവെയർ ഹാക്ക് ചെയ്തതായി ആരോപിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകളും മാധ്യമ ഉപദേഷ്ടാവുമായ ഇൽതിജ മുഫ്തി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. 'എന്റെ ഫോൺ പെഗാസസ് ഹാക്ക് ചെയ്തതായി ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചു, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും നിശബ്ദരാക്കാൻ കേന്ദ്ര സർക്കാർ പെഗാസസിനെ ആയുധമാക്കുകയാണ്' -ഇൽതിജ മുഫ്തി ‘എക്സി’ലെ പോസ്റ്റിൽ എഴുതി.

ഇസ്രായേൽ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാരസോഫ്റ്റ്​വെയറാണ് പെഗാസ്. ഫോണിലെ വ്യക്തി വിവരങ്ങൾ ഇതിന് ചോർത്താൻ സാധിക്കും. ഫോൺ ഉപയോഗിക്കുന്നവരുടെ എല്ലാ സ്വകാര്യതയിലേക്കും കടന്നുകയറാനും പെഗാസസിനു കഴിയുമെന്ന് നേരത്തെ വാദങ്ങൾ ഉയർന്നിരുന്നു. പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണും ചോർത്തിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പടെയുളള നേതാക്കളും മുമ്പ് രംഗത്തുവന്നിട്ടുണ്ട്.

TAGS :

Next Story