കപിൽ സിബൽ പാർട്ടിവിട്ടത് തിരിച്ചടിയല്ലെന്ന് കെ.സി വേണുഗോപാൽ
കോൺഗ്രസ് അംഗത്വം രാജിവെക്കുന്നതായി മെയ് 16ന് കപിൽ സിബൽ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് വിട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ന്യൂഡൽഹി: മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പാർട്ടിയിൽനിന്ന് രാജിവെച്ചതിന്റെ പേരിൽ അദ്ദേഹത്തെ ആക്ഷേപിക്കാനില്ല. തെറ്റുകൾ ഉൾക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഉന്നത നിലവാരമുള്ള കത്താണ് കപിൽ സിബൽ പാർട്ടിക്ക് അയച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസ് അംഗത്വം രാജിവെക്കുന്നതായി മെയ് 16ന് കപിൽ സിബൽ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് വിട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. പിന്നാലെ, സമാജ് വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശപത്രിക നൽകി.
ബിജെപി സർക്കാറിനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കുമെന്നായിരുന്നു നാമനിർദേശ പത്രിക നൽകിയശേഷം സിബൽ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാലസഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ വിമതശബ്ദമുയർത്തിയ ജി23 നേതാക്കളിൽ പ്രധാനിയായിരുന്നു കപിൽ സിബൽ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ അദ്ദേഹം പരസ്യവിമർശനമുന്നയിച്ചിരുന്നു.
Adjust Story Font
16