ഏകീകൃത സിവിൽകോഡ് നടപ്പാക്കണം; ബിജെപി ഒളിച്ചുകളിക്കുന്നു: കെജ്‌രിവാൾ
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ബിജെപി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
ന്യൂഡൽഹി: ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. എല്ലാ സമുദായങ്ങളെയും ഒന്നിപ്പിച്ച് ഏകീകൃത സിവിൽകോഡ് നടപ്പാക്കുകയാണ് വേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ ബിജെപി ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡിലും ഗുജറാത്തിലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി നീക്കം. രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ എന്തുകൊണ്ടാണ് ബിജെപി ശ്രമിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ബിജെപി ഇത്തരം വാഗ്ദാനം നൽകിയിരുന്നെങ്കിലും അത് നടപ്പാക്കിയില്ലെന്നും കെജ്‌രിവാൾ പരിഹസിച്ചു. ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബിജെപി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഇപ്പോൾ വീണ്ടും ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട. പക്ഷേ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം അതും അപ്രത്യക്ഷമാകും-ഭാവ്‌നഗറിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ കെജ്‌രിവാൾ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ കഴിഞ്ഞ ദിവസം ബിജെപി മന്ത്രിസഭ തീരുമാനിച്ചിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ മൂന്നോ നാലോ അംഗങ്ങളുണ്ടാവുമെന്ന് ആഭ്യന്തരസഹമന്ത്രി ഹർഷ് സാഘ്‌വി പറഞ്ഞു.
Adjust Story Font
16