കെജ്‍രിവാൾ നരേന്ദ്ര മോദിയുടെ ജന്മനാട്ടിൽ; സിസോദിയയെ വീണ്ടും ചോദ്യം ചെയ്യും
ഡൽഹി സർക്കാരിന് എതിരായ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് അവർത്തിച്ച് ആം ആദ്മി
ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അരവിന്ദ് കെജ്രിവാളിന്റെ ഗുജറാത്ത് പര്യടനം ഇന്ന് നരേന്ദ്ര മോദിയുടെ ജന്മനാട്ടിലെത്തും. ഭാവ്നഗറിൽ പൊതുസമ്മേളനത്തെ കെജ്‍രിവാൾ അഭിസംബോധന ചെയ്യും. ഡൽഹി മദ്യനയ കേസിൽ ഈ മാസം അവസാനം മനീഷ് സിസോദിയയെ ചോദ്യം ചെയ്‌തേക്കും.
ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി- ബിജെപി വാക്ക് പോര് മുറുകുന്നതിന് ഇടയിലാണ് അരവിന്ദ് കെജ്രിവാളിന്റെ ഗുജറാത്ത് പര്യടനം. ഭാവ്നഗറിലെ പരിപാടിയിൽ പ്രധാനമന്ത്രിക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനമാകും അരവിന്ദ് കെജ്‍രിവാളും സിസോദിയയും നടത്തുക. ഡൽഹി സർക്കാരിന് എതിരായ സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി അവർത്തിക്കുന്നു.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി മോഡൽ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയാണ് കെജ്‍രിവാളിന്റെ വാഗ്ദാനം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഡൽഹിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി ആരോപിക്കുന്നു. ഇതിന്റെ ഭാഗമായാണ് മനീഷ് സിസോദിയയ്ക്ക് എതിരായ കേസ്. ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന് എതിരെയും ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും പാര്‍ട്ടി പറയുന്നു.
അതേസമയം, ഡൽഹി മദ്യനയക്കേസിൽ മനീഷ് സിസോദിയ അഴിമതി നടത്തിയെന്ന് ബിജെപി ആവർത്തിക്കുന്നു. സിസോദിയയുടെ കമ്പ്യൂട്ടർ മൊബൈൽഫോൺ എന്നിവ സിബിഐ പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കൂടി ലഭിച്ച ശേഷം സിസോദിയയെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.
Adjust Story Font
16