കുറഞ്ഞത് 50 വർഷത്തേക്കെങ്കിലും ഡൽഹിയിലും പഞ്ചാബിലും എ.എ.പിയെ താഴെയിറക്കാൻ ആർക്കുമാവില്ല: കെജ്‌രിവാൾ
രാജസ്ഥാനിൽ എ.എ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ
ഗംഗാനഗർ (രാജസ്ഥാൻ): കുറഞ്ഞത് 50 വർഷത്തേക്കെങ്കിലും ഡൽഹിയിലും പഞ്ചാബിലും എ.എ.പി സർക്കാരിനെ താഴെയിറക്കാൻ ആർക്കുമാവില്ലെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജസ്ഥാനിലെ ഗംഗാനഗറിൽ എ.എ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മന്നും റാലിക്കെത്തിയിരുന്നു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ഡൽഹി മോഡൽ വികസനം വാഗ്ദാനം ചെയ്താണ് എ.എ.പിയുടെ പ്രചാരണം.
തങ്ങളെ അധികാരത്തിലെത്തിച്ചാൽ രാജസ്ഥാനിലും തങ്ങളെ താഴെയിറക്കാൻ ആർക്കും കഴിയില്ലെന്ന് കെജ്‌രിവാൾ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും കെജ്‌രിവാൾ വിമർശിച്ചു. പരിപാടി നടക്കുന്ന ഗംഗാനഗർ നഗരത്തിലും സ്റ്റേഡിയത്തിന് ചുറ്റിലും ഗെഹ്‌ലോട്ട് തന്റെ പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം എന്തെങ്കിലും പ്രവർത്തനം നടത്തിയിരുന്നെങ്കിൽ ഇത് ആവശ്യമില്ലായിരുന്നുവെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടിയതോടെ ബി.ജെ.പിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാനുള്ള നീക്കമാണ് കെജ്‌രിവാൾ നടത്തുന്നത്. കഴിഞ്ഞ 75 വർഷമായി ബി.ജെ.പി-കോൺഗ്രസ് എന്നീ രണ്ട് പാർട്ടികളാണ് നമ്മുടെ രാജ്യം ഭരിച്ചത്. അവർ കാരണം നമ്മുടേത് ഇപ്പോഴും ദരിദ്ര രാജ്യമാണ്. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.
Adjust Story Font
16