കെജ്‌രിവാളിന്റെ ശരീരഭാരം കുറയുന്നു; ''പറാത്തയും പൂരിയും''ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദേശമുണ്ടെന്ന് എ.എ.പി
മാർച്ച് 21ന് അറസ്റ്റിലായ ശേഷം കെജ്‌രിവാളിന്റെ എട്ട് കിലോയോളം ഭാരമാണ് കുറഞ്ഞതെന്ന് എ.എ.പി
ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റ ശരീര ഭാരം കുറഞ്ഞത് എട്ട് കിലോയോളം. അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ "പറാത്തയും പൂരിയും" ഉൾപ്പെടുത്താൻ എയിംസ് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ടെന്നും എ.എ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്
തിഹാര്‍ ജയിലിലാണ് കെജ്‌രിവാള്‍ കഴിയുന്നത്. കെജ്‌രിവാളിന്റെ ഭാരം കുറയുന്നത് വളരെ ആശങ്കാജനകമാണെന്നാണ് എ.എ.പി പറയുന്നത്. മാർച്ച് 21 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ദിവസം, കെജ്‌രിവാളിന്റെ ഭാരം 70 കിലോ ആയിരുന്നു. ജൂൺ രണ്ടിന് 63.5 കിലോഗ്രാമായും ജൂൺ 22ന് 62 കിലോഗ്രാമായും ഭാരം കുറഞ്ഞുവെന്ന് പാർട്ടി വ്യക്തമാക്കുന്നു. ഭാരക്കുറവ് കണക്കിലെടുത്താണ് എയിംസ് മെഡിക്കൽ ബോർഡ് അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ പറാത്തയും പൂരിയും ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതെന്നും എ.എ.പി പറഞ്ഞു.
അതേസമയം കെജ്‌രിവാളിന്റെ ഏതാനും രക്തപരിശോധനകൾ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയിട്ടുണ്ട്. എന്നാല്‍ ഹൃദ്രോഗം, ക്യാൻസർ എന്നിവയ്ക്കുള്ള പരിശോധനകൾ ഇതുവരെ നടത്തിയിട്ടില്ല. കെജ്‌രിവാളിന്റെ ശരീരഭാരം കുറയുന്നത് കണക്കിലെടുത്ത് മാക്‌സ് ആശുപത്രിയിലെ ഡോക്ടർമാർ ഹൃദയത്തിനും അർബുദത്തിനും ഉൾപ്പെടെ ചില പരിശോധനകൾ നടത്താൻ ശുപാർശ ചെയ്തിരുന്നതായി എ.എ.പി വ്യക്തമാക്കിയിരുന്നു.
അതേസമയം കെജ്‌രിവാളിന് ജാമ്യം നല്‍കിയ റൗസ് അവന്യുകോടതി വിധിക്കെതിരായ ഇ.ഡി അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് നാളെയുണ്ടായേക്കും. നിലവില്‍ ജാമ്യം സ്റ്റേ ചെയ്തിരിക്കുകയാണ് ഹൈക്കോടതി. തങ്ങളുടെ വാദങ്ങള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. ഇ.ഡിയും കേജ്‍രിവാളും ഉടന്‍ വിശദമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കും.
നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിന് വീണ്ടും ജയിലിലേക്ക് പോവുകയായിരുന്നു.
Adjust Story Font
16