Quantcast

നീറ്റ് ചോദ്യപേപ്പർ ചോർച്ച: മുഖ്യ ആസൂത്രകൻ പിടിയിൽ

ചോദ്യ പേപ്പർ ചോർച്ചാക്കേസിൽ സി.ബി.ഐയുടെ പിടിയിലാവുന്ന ഏഴാമത്തെ ആളാണിത്.

MediaOne Logo

Web Desk

  • Updated:

    2024-07-03 16:26:38.0

Published:

3 July 2024 4:25 PM GMT

key conspirator arrested from jharkhand in neet ug paper leak case
X

റാഞ്ചി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ കേസിൽ നിർണായക അറസ്റ്റുമായി സി.ബി.ഐ. കേസിലെ കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ്ങിനെ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ അറസ്റ്റ് ചെയ്യുന്ന ഏഴാമത്തെ ആളാണ് അമൻ സിങ്.

ജൂൺ 23നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്. ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.

നേരത്തെ, ജയ് ജലറാം സ്‌കൂള്‍ പ്രിന്‍സിപ്പൽ, ഫിസിക്‌സ് അധ്യാപകൻ, ഹിന്ദി മാധ്യമ സ്ഥാപന മാര്‍ക്കറ്റിങ്‌ വിഭാഗത്തിലെ ജീവനക്കാരന്‍, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ എന്നിവരും ജാര്‍ഖണ്ഡില്‍ അറസ്റ്റിലായിരുന്നു.

നീറ്റ് പരീക്ഷാക്രമക്കേടിൽ ജൂൺ 27നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം.

നീറ്റ് യു.ജി ചോദ്യപേപ്പർ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

അതിനിടെ, ചോദ്യ ചോർച്ചയിൽ ഇന്ന് ഇൻഡ്യ സഖ്യ വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. എൻ.ടി.എ നിരോധിക്കുക, വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുക, നീറ്റ് യുജി വീണ്ടും നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

TAGS :

Next Story