ഗ്യാൻവാപി മസ്ജിദ് കേസിൽ സുപ്രധാന വിധി ഇന്ന്; വരാണസിയിൽ നിരോധനാജ്ഞ
പള്ളി വഖഫിന്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹരജി നിലനിൽക്കില്ലെന്നതുമാണ് പള്ളി കമ്മിറ്റിയുടെ വാദം
ഗ്യാൻവാപി മസ്ജിദ്
വാരാണസി: ഗ്യാൻവാപി പള്ളി വളപ്പിൽ ആരാധനക്ക് അനുമതി ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജില്ല കോടതിയുടെ സുപ്രധാന വിധി ഇന്ന്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വരാണസിയിലും മസ്ജിദിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
വരാണസിയിൽ സ്ഥിരതാമസമാക്കിയ ഡൽഹി സ്വദേശികളായ ലക്ഷ്മി ദേവി, സീത സാഹു, രാഖി സിങ്, മഞ്ജു വ്യാസ്, രേഖ പദക് എന്നീ അഞ്ചു സ്ത്രീകൾ പള്ളിക്കുള്ളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ദൃശ്യമായതും അല്ലാത്തതുമായ വിഗ്രഹങ്ങൾ മുമ്പാകെ പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് സിവിൽ കോടതിയിൽ ഹരജി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് വിധി പറയുന്നത്.
ഹരജികള്‍ തുടർന്നും കേൾക്കണോ അതോ നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിൽ ജില്ലാ ജഡ്ജി എ.കെ വിശ്വേശ ഉത്തരവിട്ടേക്കും. വരാണസിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമീഷണർ സതീഷ് അറിയിച്ചു.
ഇരുവിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്. കീഴ്‌ക്കോടതിയില്‍ നിന്ന് വരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രിം കോടതിയാണ് മാറ്റിയത്. വിഷയത്തിന്റെ സങ്കീർണ്ണതയും സംവേദനക്ഷമതയും കണക്കിലെടുത്ത്, വാരണാസിയിലെ സിവിൽ ജഡ്ജിയുടെ മുമ്പാകെയുള്ള സിവിൽ കേസ് യുപി ജുഡീഷ്യൽ സർവീസിലെ മുതിർന്നവരും പരിചയസമ്പന്നരുമായ ഒരു ജുഡീഷ്യൽ ഓഫീസറുടെ മുമ്പാകെ കേൾക്കുമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഹരജിയുടെ അടിസ്ഥാനത്തിൽ ഗ്യാൻവാപി പള്ളിയുടെ ചിത്രീകരണം നടത്താൻ വാരണാസി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. മസ്ജിദിലെ ചിത്രീകരണത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിൽ വാരണാസി കോടതിയിൽ സമർപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഹിന്ദു ഹരജിക്കാർ വിശദാംശങ്ങൾ പുറത്തുവിട്ടത് വിവാദമായിരുന്നു.
പള്ളിയിലെ 'വുദുഖാന'യില്‍ 'ശിവലിംഗം കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് ഈ കുളം സീൽ ചെയ്യാൻ അന്ന് കേസ് പരിഗണിച്ച ജഡ്ജി ഉത്തരവിട്ടിരുന്നു. അതേസമയം നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദിനുള്ളിലെ ഈ ചിത്രീകരണം ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഗ്യാൻവാപി പള്ളി വഖഫിന്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹരജി നിലനിൽക്കില്ലെന്നതുമാണ് പള്ളി കമ്മിറ്റിയുടെ വാദം.
Adjust Story Font
16