പട്ടാപ്പകൽ കുടയും ചൂടി ഹരിയാന തെരുവിലൂടെ കൂളായി നടന്ന് അമൃത്പാൽ സിങ്; ഇരുട്ടിൽ തപ്പി പൊലീസ്
ഹരിയാനയിൽ അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ന്യൂഡൽഹി: ഒളിവിലുള്ള അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള പഞ്ചാബ് പൊലീസിന്റെ ശ്രമം തുടർച്ചയായ ആറാം ദിവസവും തുടരവെ ഹരിയാനയിൽ പൊങ്ങി ഖാലിസ്ഥാൻ നേതാവ്. ഹരിയാനയിൽ അഭയം നൽകിയ സ്ത്രീയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങി വഴിയിലൂടെ കുടയും ചൂടി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കുരുക്ഷേത്ര ജില്ലയിലെ ഷഹബാദിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് ഈ സംഭവമെന്നാണ് സിസിടിവിയിൽ കാണിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അമൃത്പാൽ പഞ്ചാബിൽ നിന്നും ഹരിയാനയിലേക്ക് രക്ഷപെട്ടു എന്ന് പൊലീസ് പറയുമ്പോഴാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
വെള്ള ഷർട്ടും കടുംനീല ജീൻസും ധരിച്ച് മുഖം മറയ്ക്കാൻ കുടയും പിടിച്ച് നടക്കുന്ന ഖാലിസ്ഥാനി നേതാവിന്റെ കൈയിലൊരു കവറും കാണാം. ഷഹബാദിലെ വീട്ടിൽ അമൃത്പാൽ സിങ്ങിനും സഹായി പാപാൽപ്രീത് സിങ്ങിനും അഭയം നൽകിയ ബൽജീത് കൗർ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ നിന്നും പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട അമൃത്പാൽ സിങ്ങിനെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പുകയാണ് പഞ്ചാബ് പൊലീസ്. ഇന്നലെ ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളിലൊന്നായ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. ജലന്ധറിൽ നിന്ന് 45 കിലോമീറ്റർ അകലെ ദാരാപൂരിലെ കനാലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക്.
ബൈക്കിന് പിറകിലിരുന്ന് ഇയാൾ കൂട്ടാളിക്കൊപ്പം യാത്ര ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 12 മണിക്കൂറിനിടെ അഞ്ച് വാഹനങ്ങൾ മാറിക്കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. അതേസമയം, കൗറിനെ പഞ്ചാബ് പൊലീസിന് കൈമാറിയതായി കുരുക്ഷേത്ര പൊലീസ് മേധാവി സിങ് ഭോരിയ പറഞ്ഞു.
നിലവിൽ വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാൽ എവിടെയാണ് എന്നതില്‍ പൊലീസിന് കൃത്യമായ വിവരങ്ങളൊന്നുമില്ല. ഇയാൾക്കായി അതിർത്തികളിൽ ഉൾപ്പെടെ പരിശോധന ശക്തമാണെന്ന് പൊലീസ് പറയുന്നു. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ഖലിസ്ഥാൻ നേതാവിന്റെ കൂടുതൽ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. വസ്ത്രരീതിയടക്കം മാറ്റിയാണ് മുങ്ങിനടക്കുന്നതെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ പലരൂപങ്ങളിലുള്ള ഫോട്ടോകളാണ് പുറത്തുവിട്ടത്. അതേസമയം, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഇന്നലെ പിൻവലിച്ചിരുന്നു.
ആയിരക്കണക്കിന് പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് അമൃത്പാൽ സിങ് മുങ്ങിനടക്കുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ തീവ്ര സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പൊലീസ് വൻ സന്നാഹമൊരുക്കിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ നാല് സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പഞ്ചാബ് പൊലീസ് ശനിയാഴ്ച നടപടി ശക്തമാക്കുകയും 'വാരിസ് പഞ്ചാബ് ദേ'യുടെ 78 പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് ഇയാൾ രക്ഷപെട്ടത്. പൊലീസ് ഇയാൾക്കായി വലവിരിച്ചെങ്കിലും സമാന്തര റോഡ് വഴി ജലന്ധറിലേക്ക് രക്ഷപ്പെടുകയായിരുന്നു. അമ്പതോളം വാഹനങ്ങളിലാണ് പൊലീസ് അമൃത്പാലിനെ പിന്തുടർന്നത്.
നേരത്തെ, അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ഫെബ്രുവരി 24ന് അമൃത്പാൽ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതു കൂടാതെ ഇയാൾക്കെതിരെ ജലന്ധറിൽ ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് ആയുധം കണ്ടെടുക്കുകയും പൊലീസ് ബാരിക്കേഡുകൾ ഭേദിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു.
Adjust Story Font
16