ഭിന്ദ്രൻവാലയെ പോലെയാകാൻ ജോർജിയയിൽ വച്ച് അമൃത്പാൽ സിങ് ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് റിപ്പോർട്ട്
ദിബ്രുഗഢ് ജയിലിൽ കഴിയുന്ന സഹായികളാണ് അമൃത്പാൽ സിങ്ങിന്റെ ശസ്ത്രക്രിയാ വിവരം വെളിപ്പെടുത്തിയത്.
ന്യൂഡൽഹി: ഒളിവിലുള്ള വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ് ഖാലിസ്ഥാൻവാദി നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലയെ പോലെയാകാൻ ജോർജിയയിൽ വച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് റിപ്പോർട്ട്. കണ്ണിനായിരുന്നു ശസ്ത്രക്രിയ. കണ്ണ് ഭിന്ദ്രൻവാലയുടേത് പോലെയാകാൻ സിങ് ശസ്ത്രക്രിയ നടത്തിയതായി രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തി അസമിലെ ദിബ്രുഗഢ് ജയിലിൽ അടച്ചിരിക്കുന്ന സഹായികളാണ് അമൃത്പാൽ സിങ്ങിന്റെ ശസ്ത്രക്രിയാ വിവരം വെളിപ്പെടുത്തിയത്. ശസ്ത്ക്രിയയ്ക്കായി രണ്ട് വർഷമാണ് അമൃത്പാൽ ജോർജിയയിൽ ഉണ്ടായിരുന്നതെന്ന് ഇയാളുടെ സഹായികൾ വ്യക്തമാക്കി. 2020 ജൂൺ 22 മുതൽ 2022 ആഗസ്റ്റ് 19 വരെയായിരുന്നു ഇത്. ദുബൈയിൽ ഇന്ത്യയിലേക്ക് മടങ്ങുംമുമ്പായിരുന്നു ജോർജിയൻ യാത്ര.
രണ്ടാം ഭിന്ദ്രൻവാലയെന്ന് സ്വയം അവകാശപ്പെടുന്ന അമൃത്പാൽ സിങ് ഇപ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിനടക്കുകയാണ്. ഒളിവിലുള്ള അമൃത്പാൽ സിങ്ങിനെ പിടികൂടാൻ ഇതുവരെ പൊലീസിനായിട്ടില്ല. മാർച്ച് 18ന് വാരിസ് പഞ്ചാബ് ദെയ്ക്കെതിരായ പൊലീസ് നടപടിക്കു പിന്നാലെയാണ് അറസ്റ്റ് ഭയന്ന് ഇയാൾ മുങ്ങിയത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ വീഡിയോ സന്ദേശങ്ങളിൽ ഇയാൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പൊലീസ് പിടിക്കാതിരിക്കാൻ വേഷവും രൂപവും മാറി ഒരിടത്തു നിന്നും മറ്റിടങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുന്ന ഇയാൾ നിലവിൽ എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടെ, ഇയാളുടെ അമ്മാവൻ ഹർജിത് സിങ്, ദൽജിത് സിങ് കൽസി എന്നിവരുൾപ്പെടെ എട്ട് അടുത്ത സഹായികളെ അറസ്റ്റ് ചെയ്ത് ദിബ്രുഗഡ് സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ഇവർക്കെതിരെ എൻഎസ്എ ചുമത്തുകയും ചെയ്തു.
അതേസമയം, ഇയാൾ കീഴടങ്ങിയെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും ഇത് പൊലീസ് തള്ളി. അമൃത്പാൽ സിങ് ഓപറേഷനുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസിന്റെ ലീവ് ഏപ്രിൽ 14 വരെ റദ്ദാക്കിയിട്ടുണ്ട്. തന്നെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും സിഖ് സംഘടനകൾ സംഘടിച്ച് പൊലീസിനെ എതിർക്കണമെന്നും മാർച്ച് അവസാനം അമൃത്പാൽ സിങ് വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്തിരുന്നു.
പഞ്ചാബ് സർക്കാരിന് തന്നെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമുണ്ടെങ്കിൽ പൊലീസിന് തന്റെ വീട്ടിൽ വന്ന് അത് ആകാമായിരുന്നു, താൻ വഴങ്ങുമായിരുന്നുവെന്നും അമ്യത്പാൽ പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് മാനിനെയും, പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്നും അമൃത് പാൽ പറഞ്ഞിരുന്നു.
മാർച്ച് 18ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ അമൃത്പാൽ സിങ്ങിന് വേണ്ടി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ആയിരക്കണക്കിന് പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് അമൃത്പാൽ സിങ് മുങ്ങിനടക്കുന്നത്. പഞ്ചാബിന് പുറമെ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
അമൃത്പാൽ സിങ് കീഴടങ്ങുമെന്ന് സൂചന വന്നതിന്റെ അടിസ്ഥാനത്തിൽ സുവർണ ക്ഷേത്രത്തിന് മുൻപിൽ പഞ്ചാബ് പൊലീസ് റൂട്ട് മാർച്ച് നടത്തിയിരുന്നു. എന്നാൽ കീഴടങ്ങാൻ ഉദ്ദേശ്യമില്ലെന്ന് അമൃത്പാൽ സിങ് പറഞ്ഞിരുന്നു. യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന കേസിലും അജ്‌നാല പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും അമൃത്പാൽ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഇതു കൂടാതെ ജലന്ധറിൽ ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് ആയുധം കണ്ടെടുക്കുകയും പൊലീസ് ബാരിക്കേഡുകൾ ഭേദിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കേസുകൾ കൂടി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. സായുധകലാപത്തിനായി ആഹ്വാനം ചെയ്യുകയും ചാവേറുകളായി പോരാട്ടത്തിനിറങ്ങാൻ യുവാക്കൾക്ക് പരിശീലനം നൽകുകയും ചെയ്യുന്ന അമൃത്പാൽ സിങ്ങിന് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
പഞ്ചാബിനെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തി ഖലിസ്താൻ രൂപവത്കരിക്കണമെന്നാണ് ഇയാളുടെ പ്രധാനവാദം. അതിനായി അവതാരമെടുത്ത രണ്ടാം ഭിന്ദ്രൻവാലയാണ് താനെന്നും ഇയാൾ അവകാശപ്പെടുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തുംമുമ്പ് ദുബൈയിൽ ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ.
Adjust Story Font
16