സ്വന്തം നേട്ടത്തിനായി ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കൽ' നയത്തെ സംഘ്പരിവാർ പ്രോത്സാഹിപ്പിച്ചു: ഖാർഗെ
മോദി സർക്കാരിന്റെ 'ഹർ ഘർ തിരംഗ' ക്യാമ്പയിനെ ഖാർഗെ അഭിനന്ദിച്ചു. അവർ കഴിഞ്ഞ 60 വർഷത്തെ തെറ്റ് തിരുത്തുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ കേന്ദ്രസർക്കാറിനും സംഘ്പരിവാറിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്ന ചിന്തകളെ ഇന്നത്തെ ഭരണാധികാരികൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം നേട്ടത്തിനായി ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കൽ' നയത്തെ സംഘ്പരിവാർ പ്രോത്സാഹിപ്പിച്ചുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.
'നാനാത്വത്തിൽ ഏകത്വം' നമ്മുടെ കരുത്താണ്. അതൊരു ബലഹീനതയല്ല. നമുക്ക് എളുപ്പത്തിൽ കിട്ടിയതാണ് സ്വാതന്ത്ര്യം എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ ലക്ഷക്കണക്കിനാളുകളുടെ ത്യാഗത്തിന്റെയും ജയിൽവാസത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ വഴി പിന്തുടരുന്നതിന് പകരം ഇന്നത്തെ ഭരണാധികാരികൾ ചേരിതിരിവുണ്ടാക്കുന്ന ചിന്തകൾ പ്രോത്സാഹിപ്പിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
ആഗസ്റ്റ് 14 വിഭജനത്തിന്റെ ഭീകരതകൾ ഓർമിക്കാനുള്ള ദിവസമായി 2021 മുതൽ മോദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയും ഖാർഗെ വിമർശനമുന്നയിച്ചു. വെറുപ്പ് പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിച്ചവരാണ് വിഭജനത്തിന് കാരണക്കാർ. അവരുടെ കാരണം കൊണ്ടാണ് വിഭജനം നടന്നത്. ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കൽ' നയത്തിന്റെ യഥാർഥ ഗുണഭോക്താക്കൾ സംഘ്പരിവാർ ആണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവരാണ് ഇപ്പോൾ കോൺഗ്രസിനെ പഠിപ്പിക്കാൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാരിന്റെ 'ഹർ ഘർ തിരംഗ' ക്യാമ്പയിനെ ഖാർഗെ അഭിനന്ദിച്ചു. അവർ കഴിഞ്ഞ 60 വർഷത്തെ തെറ്റ് തിരുത്തുന്നതിൽ സന്തോഷമുണ്ട്. സ്വന്തം ഓഫീസിൽ പതാക ഉയർത്താതിരുന്നവർ ഇപ്പോൾ ക്യാമ്പയിൻ നടത്തുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഖാർഗെ പറഞ്ഞു. എല്ലാ മതത്തിലും ജാതിയിലും പെട്ടവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ത്യാഗമനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16