'ഗ്യാസ് വില 500 ആക്കും, വനിതകൾക്ക് മാസം തോറും 1500 നൽകും, ജാതിസെൻസസ് നടത്തും'; മധ്യപ്രദേശിൽ വാഗ്ദാനങ്ങളുമായി ഖാർഗെ
ജനപ്രിയ വാഗ്ദാനങ്ങൾ കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം സമ്മാനിച്ചിരുന്നു
സാഗർ (മധ്യപ്രദേശ്): സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ജനങ്ങൾക്ക് വിവിധ വാഗ്ദാനങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംസ്ഥാനത്ത് കോൺഗ്രസ് വിജയിച്ചാൽ ജാതി സെൻസസ് നടത്തുമെന്നും 14ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്‌കർത്താവുമായ സന്ത് രവിദാസിന്റെ പേരിൽ സർവകലാശാല സ്ഥാപിക്കുമെന്നും ബുന്ദോൽഖണ്ഡ് മേഖലയിലെ സാഗറിൽ കോൺഗ്രസ് യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് കോൺഗ്രസിന് വൻ വിജയം സമ്മാനിച്ച ജനപ്രിയ വാഗ്ദാനങ്ങളും ഖാർഗെ മുന്നോട്ടുവെച്ചു.
'കോൺഗ്രസ് അധികാരത്തിൽ വന്നാൽ കടബാധിതരായ കർഷകർക്ക് ആശ്വാസം നൽകും. എൽപിജി 500 രൂപയ്ക്ക് ലഭ്യമാക്കും. വനിതകൾക്ക് മാസംതോറും 1500 രൂപ നൽകും. സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ സ്‌കീം നടപ്പാക്കും. നൂറു യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകും. സംസ്ഥാനത്ത് ജാതി സെൻസസ് നടത്തും, ഇപ്പോൾ ഞങ്ങളുടെ പ്രവർത്തക സമിതിയിൽ ആറ് പിന്നാക്ക വിഭാഗക്കാരുണ്ട്' ഖാർഗെ പ്രസംഗത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്തുള്ളത് നിയമവിരുദ്ധ സർക്കാറാണെന്നും അവർ (ബിജെപി) തങ്ങളുടെ എംഎൽഎമാരെ മോഷ്ടിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ വിമർശിച്ചു. കഴിഞ്ഞ 70 കൊല്ലമായി കോൺഗ്രസ് എന്ത് ചെയ്തുവെന്നാണ് അവർ ചോദിക്കുന്നതെന്നും തങ്ങൾ ഈ ഭരണഘടനയെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും അതിനാലാണ് അദ്ദേഹം (മോദി) പ്രധാനമന്ത്രിയായതെന്നും ഖാർഗെ പറഞ്ഞു. ഇപ്പോൾ ഇ.ഡിപ്പേടി കാണിച്ച് സർക്കാറുണ്ടാക്കുകയാണെന്നും കർണാടകയിലും മണിപ്പൂരിലും ഇതാണ് സംഭവിച്ചതെന്നും ചൂണ്ടിക്കാട്ടി. ബിജെപി തെരഞ്ഞെടുക്കപ്പെടാത്തിയിടത്തൊക്കെ ഇതാണ് അവർ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.
'ചില ആളുകൾ ഭരണഘടന മാറ്റിമറിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ 140 കോടി ജനങ്ങൾ അതിനെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ അക്കാര്യം നടക്കില്ല' മധ്യപ്രദേശിൽ ജനിച്ച അംബേദ്കറിനെ സ്മരിച്ച് ഖാർഗെ പറഞ്ഞു.
സന്ത് രവിദാസിനെ ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് മാത്രമേ ഓർക്കുകയുള്ളൂവെന്നും അദ്ദേഹം വിമർശിച്ചു. രവിദാസിന് 100 കോടി മുടക്കി നിർമിക്കുന്ന സ്മാരകത്തിനും ക്ഷേത്രത്തിനും മോദി തറക്കല്ലിട്ടത് സൂചിപ്പിച്ചായിരുന്നു വിമർശനം. 18 വർഷമായി ശിവ്‌രാജ് സിംഗ് ചൗഹാനും ഒമ്പത് വർഷമായി മോദിയും അധികാരത്തിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് അദ്ദേഹത്തെ ഓർമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ മുതിർന്ന നേതാവായ കമൽനാഥ് പറയുന്നത് ചെയ്യുന്ന നേതാവാണെന്നും കമൽ (താമര) ബിജെപിയുടെ ചിഹ്നമായതിനാൽ അത് വിടുന്നുവെന്നും എന്നാൽ 'നാഥ്' തങ്ങളോടൊപ്പമാണെന്നും ഖാർഗെ പറഞ്ഞു. നാഥിന് വേണ്ടി വോട്ടു ചെയ്യണമെന്നും കോൺഗ്രസിനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Congress president Mallikarjun Kharge has made various promises to the people of Madhya Pradesh where the state elections are to be held
Adjust Story Font
16