'നിങ്ങൾ നുണകളുടെ നേതാവ്, സ്വയം ദരിദ്രനെന്ന് വിളിച്ച് സഹതാപം നേടാൻ ശ്രമിക്കുന്നു'; മോദിക്കെതിരെ ആഞ്ഞടിച്ച് ഖാർഗെ
''നിങ്ങളെപ്പോലുള്ള ഒരാൾ ദരിദ്രനാണെന്ന് അവകാശപ്പെടുന്നു. തൊട്ടുകൂടാത്തവരിൽ ഒരാളാണ് ഞാൻ''
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നുണകളുടെ നേതാവെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി സ്വയം ദരിദ്രനെന്ന് വിളിച്ച് സഹതാപം നേടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്തിലെ നർമദ ജില്ലയിലെ ദെദിയാപദയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഖാർഗെയുടെ പരാമർശം.
'നിങ്ങളെപ്പോലുള്ള ഒരാൾ ദരിദ്രനാണെന്ന് അവകാശപ്പെടുന്നു. തൊട്ടുകൂടാത്തവരിൽ ഒരാളാണ് ഞാൻ. ആളുകൾ നിങ്ങളുടെ ചായ കുടിച്ചു, ആരും എന്റെ ചായ കുടിക്കുമായിരുന്നില്ല,'' ഖാർഗെ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നിങ്ങൾ ഇത് സഹതാപത്തിനാണ് പറയുന്നതെങ്കിൽ ആളുകൾ മിടുക്കരാണ്. നിങ്ങൾ എത്ര തവണ കള്ളം പറയും? നുണകളുടെ നേതാവാണ് നിങ്ങൾ..ഖാർഗെ പറഞ്ഞു.
കഴിഞ്ഞ ദിവസം ഖേഡയിൽ നടന്ന ബിജെപി റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാർഗെയെ വിമർശിച്ചിരുന്നു. താൻ ഒരു പദവിയുമില്ലാതെ സാധാരണക്കാരനായി ജനിച്ചുവെന്നാണ് മോദി പറഞ്ഞത്. ഇതിന് മറുപടിയായാണ് ഖാർഗെയുടെ പ്രതികരണം.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരത്തിന്റെ ചൂടിലാണ് നേതാക്കൾ. ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.
Adjust Story Font
16