‘ആ വേദന, കണ്ണീർ, അതിന് നിങ്ങൾക്ക് തിരിച്ചടി കിട്ടും‘; പി.ടി ഉഷയെ പിന്തുണച്ചും ഗുസ്തി താരങ്ങളെ കുറ്റപ്പെടുത്തിയും ഖുഷ്ബു; പൊങ്കാല
‘സ്ത്രീയായിട്ടും ഒരു പീഡന വീരനെ പിന്തുണയ്ക്കുന്ന നിങ്ങൾ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയാണോ‘ എന്നാണ് ഒരാളുടെ ചോദ്യം.
ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങളെ കുറ്റപ്പെടുത്തിയും അവരെ വിമർശിച്ച പി.ടി ഉഷയെ പിന്തുണച്ചും നടിയും നേതാവുമായ ഖുഷ്ബു സുന്ദർ. വിമർശനത്തിന് പിന്നാലെ, താരങ്ങളെ സന്ദർശിക്കാനെത്തിയ ഉഷയെ പ്രതിഷേധക്കാർ തടയുകയും ചോദ്യങ്ങൾ നേരിടാനാവാതെ അവർ തടിയൂരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പി.ടി ഉഷയെ പിന്താങ്ങി നടി രംഗത്തെത്തിയത്.
‘ഉഷയുടെ വേദനയ്ക്കും കണ്ണുനീരിനും നിങ്ങൾക്ക് തിരിച്ചടി കിട്ടും’ എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്. ‘അവരുടെ വേദന, അവരുടെ കണ്ണുനീർ.. അവർ ഇതൊന്നും അർഹിക്കുന്നേയില്ല. ഒരു ചാമ്പ്യന് ഒരു ബദൽ അഭിപ്രായം ഉണ്ടായിക്കൂടേ? കായികരംഗത്ത് സാങ്കേതികവിദ്യ ഒട്ടും വികാസം പ്രാപിക്കാതിരുന്ന, സർക്കാർ സഹായം തീരെ കുറവായിരുന്ന കാലത്ത് രാജ്യത്തിനായി നിരവധി നേട്ടങ്ങൾ കൊയ്തയാളാണ് അവർ. അവരെ തടഞ്ഞുനിർത്തി അവഹേളിക്കുന്നത് അപലപനീയമാണ്. നിങ്ങളുടെ ചെയ്തികൾ നിങ്ങളെ തന്നെ തിരിഞ്ഞുകൊത്തും. ഉടൻ തന്നെ’- എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.
അതേസമയം, താരങ്ങളുടെ ആവശ്യം മനസിലാക്കാതെ പി.ടി ഉഷയെ പിന്തുണച്ച് രംഗത്തെത്തിയ ഖുശ്ബുവിനെ വൻ പൊങ്കാലയാണ് ട്വീറ്റിനടിയിൽ നടക്കുന്നത്. പീഡകനെതിരെ ഒരക്ഷരം മിണ്ടാതെയും നീതി കിട്ടാത്തതിൽ പ്രതിഷേധിക്കുന്ന താരങ്ങളെ പിന്തുണയ്ക്കാതെയുമുള്ള ഖുശ്ബുവിന്റെ നിലപാടിനെതിരെ വിവിധ ഭാഷകളിൽ രൂക്ഷ വിമർശനമാണ് ആളുകൾ ഉയർത്തുന്നത്. ഉഷയ്ക്കെതിരെയും കമന്റിൽ വിമർശനമുണ്ട്.
‘നിങ്ങൾ പി.ടി ഉഷയുടെ കണ്ണീരു കാണുന്നു. അതേസമയം, ഗുസ്തി താരങ്ങളുടേത് കാണുന്നുമില്ല. ആദ്യം നിങ്ങളുടെ കണ്ണുകൾ പരിശോധിക്കൂ. എന്നിട്ട് ഈ സെലക്ടീവ് പ്രതികരണം നിർത്തൂ. നിലവാരം കുറഞ്ഞ ഒരു ബിജെപി പ്രവർത്തകയെന്നതിനപ്പുറത്തേക്ക് എല്ലാവരേയും ഒരുപോലെ കാണുന്ന ഒരു വ്യക്തിയായി നിങ്ങൾ മാറണമെന്നാണ് ഈ ട്വീറ്റ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഏകപക്ഷീയത ഈ ട്വീറ്റിൽ മണക്കുന്നുണ്ട്’- എന്നാണ് ഒരാളുടെ മറുപടി.
എന്തുകൊണ്ടാണ് നിങ്ങൾ നമ്മുടെ രാജ്യത്തിനായി സ്വർണ മെഡലുകൾ നേടിയ നമ്മുടെ ഗുസ്തിക്കാരെ കുറിച്ച് സംസാരിക്കാത്തത്? എന്തുകൊണ്ടാണ് നീതി ലഭിക്കാൻ നിങ്ങൾ ട്വീറ്റ് ചെയ്യാത്തത്? നിങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജതോന്നുന്നു- എന്നാണ് മറ്റൊരാൾ കുറിച്ചത്.
‘സ്ത്രീയായിട്ടും ഒരു പീഡന വീരനെ പിന്തുണയ്ക്കുന്ന നിങ്ങൾ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയാണോ‘ എന്നാണ് മറ്റൊരാളുടെ ചോദ്യം. തമിഴിലും നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘ഇവർക്ക് മനഃസാക്ഷിയെ പറ്റി അറിയുമോ‘ എന്നാണ് ഒരാൾ ചോദിച്ചത്. ‘നമ്മുടെ പെൺകുട്ടികൾ അപമാനം അർഹിക്കുന്നുണ്ടോ? അവരുടെ നാണക്കേടിന്റെയും വേദനയുടെയും കാര്യമോ?‘- എന്നാണ് മറ്റൊരു കമന്റ്. ‘ഉഷയുടെ കണ്ണീരിനോട് പ്രതികരിച്ചാൽ നിങ്ങൾക്ക് രണ്ടു നാണയമെങ്കിലും കിട്ടുമായിരിക്കും. എന്നാൽ, ലൈംഗിക പീഡനത്തിന്റെ ഇരകളായ ആ ഗുസ്തി താരങ്ങൾക്കൊപ്പം നിന്നാൽ ഒന്നും കിട്ടില്ല. നിങ്ങൾ കപടനാട്യക്കാരിയായ ബിജെപിക്കാരി മാത്രമാണെന്ന് എല്ലാവർക്കുമറിയാം’- ഗുസ്തി താരങ്ങൾ കരയുന്ന ചിത്രമടക്കം ഒരാൾ മറുപടി നൽകി.
‘ഇത് കാണുമ്പോൾ സങ്കടമുണ്ട്. അർധരാത്രിയിൽ നിങ്ങൾ ഈ രാജ്യത്തെ സ്ത്രീകളെ പീഡിപ്പിക്കുകയാണ്, ഞങ്ങളുടെ സഹോദരിമാരുടെ മക്കൾ നീതിക്കു വേണ്ടി പോരാടുന്നു. നിങ്ങൾ അവരെ സമ്മർദത്തിലാക്കുന്നു. ഇത് അടിസ്ഥാന മാനുഷിക ധാർമകതയ്ക്ക് താഴെയാണ്‘- എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ആ ചാമ്പ്യന്മാരുടെ പ്രതിഷേധത്തിന് വില കൽപിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് മിണ്ടാതിരിക്കുകയെങ്കിലും ചെയ്തുകൂടേ‘ എന്നും ഒരാൾ കുറിച്ചു.
ഗുസ്തി താരങ്ങളെ കുറ്റപ്പെടുത്തിയതിനു പിന്നാലെ വിമർശനം ശക്തമായതോടെ കഴിഞ്ഞദിവസമാണ് പി.ടി ഉഷ അവരെ സന്ദർശിക്കാനെത്തിയത്. എന്നാൽ ശക്തമായ പ്രതിഷേധമാണ് ഉഷയ്ക്കെതിരെ ഉണ്ടായത്. സമരപ്പന്തലിന് സമീപമുണ്ടായിരുന്ന സ്ത്രീകളും ഉഷയ്ക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉഷയെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
തെരുവിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയാണെന്നായിരുന്നു ഉഷയുടെ വിമർശശനം. താരങ്ങൾ പ്രതിഷേധിക്കുകയല്ല ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടത് എന്നും ഉഷ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതിനിടെയായിരുന്നു പി.ടി ഉഷയുടെ സന്ദർശനം.
Adjust Story Font
16