5 കോടി തന്നാൽ കുട്ടിയെ തരാം, ഒടുവിൽ 20 ലക്ഷത്തിന് 'ഡീൽ' ; പ്രതികളെ വിദഗ്ധമായി കുടുക്കി പൊലീസ്
മഹാരാഷ്ട്രയിലെ ജൽനയിൽ ആയുർവേ മരുന്നുകളുടെ ബിസിനസ് നടത്തുന്ന കൃഷ്ണ മുജ്മുലെ എന്നയാളുടെ കുട്ടിയെയാണ് സംഘം തട്ടിയെടുത്തത്
ജൽന(മഹാരാഷ്ട്ര): മോചനദ്രവ്യം ആവശ്യപ്പെട്ട് 13കാരനെ തട്ടിയെടുത്ത സംഘം പിടിയിൽ. മഹാരാഷ്ട്രയിലെ ജൽന സ്വദേശികളായ രോഹിത് ഭൂരെവാൾ, അർബാസ് ഷെയ്ഖ്, നിതിൻ ശർമ എന്നിവരാണ് അറസ്റ്റിലായത്. ജൽനയിൽ തന്നെ ആയുർവേ മരുന്നുകളുടെ ബിസിനസ് നടത്തുന്ന കൃഷ്ണ മുജ്മുലെ എന്നയാളുടെ കുട്ടിയെയാണ് സംഘം തട്ടിയെടുത്തത്. കുട്ടിയെ പൊലീസ് വിദഗ്ധമായി രക്ഷപെടുത്തി, പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുജ്മുലെയുടെ അയൽവാസിയാണ് പിടിയിലായ രോഹിത് ഭൂരെവാൾ. പണത്തിന് വേണ്ടി തന്നെയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും വ്യക്തിവൈരാഗ്യമോ മറ്റോ കൃത്യത്തിന് പിന്നിലില്ലെന്നുമാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ചൊവ്വാഴ്ച കുട്ടി സ്‌കൂളിലേക്ക് പോയ സമയത്താണ് പ്രതികൾ കൃത്യം നടത്തുന്നത്. തുടർന്ന് മുജ്മുലെയെ രോഹിത് ഫോണിൽ വിളിച്ച് കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും 5 കോടി തന്നാൽ കുട്ടിയെ വിട്ടുനൽകാമെന്നും അറിയിച്ചു. പണം നൽകിയില്ലെങ്കിൽ കുട്ടിയെ വിഷമരുന്ന് കുത്തിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. തുടർന്ന് മുജ്മുലെ സ്‌കൂളിൽ വിളിച്ച് കുട്ടി അവിടെ എത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും ഉടൻ തന്നെ സദാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതി ലഭിച്ചയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പല തവണ രോഹിതിൽ നിന്ന് മുജ്മുലെയെക്ക് വിളിയെത്തി. 5 കോടി കിട്ടില്ലെന്ന് മനസ്സിലാക്കിയ സംഘം 20 ലക്ഷത്തിന് ഒടുവിൽ കരാറുറപ്പിച്ചു. പ്രദേശത്ത് തന്നെയുള്ള പെട്രോൾ പമ്പിൽ പൈസ വച്ച് മടങ്ങാനായിരുന്നു നിർദേശം.
ഇതുപ്രകാരം മുജ്മുലെയും പൊലീസും പെട്രോൾ പമ്പിലെത്തുകയും പ്രതികളെ കുടുക്കുകയുമായിരുന്നു. പണം കൈപ്പറ്റാൻ വന്ന രോഹിത് തന്നെയാണ് കുട്ടിയുമായി മറ്റ് രണ്ടുപേർ പൊന്തക്കാട്ടിൽ മറഞ്ഞിരിപ്പുണ്ടെന്ന വിവരം നൽകിയത്. തുടർന്ന് ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്താനായി പ്രതികളുപയോഗിച്ച കാറും ബൈക്കും രണ്ട് വോക്കി-ടോക്കി ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനും കിഡ്‌നാപ്പിംഗിനുമാണ് പ്രതികൾക്കെതിരെ കേസ്.
Adjust Story Font
16