Quantcast

'രക്തസാക്ഷി പദവിയില്ല, നഷ്ടപരിഹാരമില്ല'; രാജ്‌നാഥ് സിങ് കള്ളംപറഞ്ഞെന്ന് കൊല്ലപ്പെട്ട അഗ്നിവീറിന്റെ കുടുംബം

രാഹുല്‍ ഗാന്ധി കള്ളം പറയുകയാണെന്നാണ് രാജ്നാഥ് സിങ് ലോക്സഭയില്‍ കുറ്റപ്പെടുത്തിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയെന്നും വാദിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-07-04 17:07:02.0

Published:

4 July 2024 10:58 AM GMT

Defense minister Rajnath Singh’s claim is false; didnt get a compensation of Rs 1 crore, didnt consider as a martyr: Says parents of Agniveer who died in mine blast in Jammu and Kashmirs Nowshera sector, Rahul Gandhi with Agniveer ajay singh family
X

അഗ്നിവീര്‍ അജയ് സിങ്ങിന്‍റെ കുടുംബത്തെ രാഹുല്‍ ഗാന്ധിയും ഭഗവന്ത് സിങ് മന്നും സന്ദര്‍ശിച്ചപ്പോള്‍. ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട സൈനികന്‍

ലുധിയാന: അഗ്നിവീര്‍ പദ്ധതിയെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ ശരിവച്ച് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. അഗ്നിവീറുകളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചു വലിച്ചെറിയുകയാണെന്നും കൊല്ലപ്പെട്ട സൈനികന് നഷ്ടപരിഹാരമോ രക്തസാക്ഷി പദവിയോ നല്‍കിയില്ലെന്നും രാഹുല്‍ ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ സഭയില്‍ തന്നെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. രാഹുല്‍ കള്ളം പറയുകയാണെന്നും സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാദം.

എന്നാല്‍, പ്രതിരോധ മന്ത്രിയുടെ വാദങ്ങള്‍ തള്ളിയിരിക്കുകയാണ് കശ്മീരിലെ നൗഷേരയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ലുധിയാന സ്വദേശിയായ അഗ്നിവീര്‍ അജയ് സിങ്ങിന്റെ കുടുംബം. തങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചെന്ന രാജ്‌നാഥ് സിങ്ങിന്റെ വാദം കള്ളമാണെന്ന് അജയ് സിങ്ങിന്റെ പിതാവ് ചരണ്‍ജിത് സിങ് 'ടൈംസ് ഓഫ് ഇന്ത്യ'യോട് പ്രതികരിച്ചു. ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന അഗ്നിവീറുകള്‍ക്ക് രക്തസാക്ഷി പദവി നല്‍കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ വാദം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ദിവസ വേതനക്കാരനാണ് താനെന്നും കുടുംബത്തിന്റെ ആശ്രയമായിരുന്ന ഏക മകനെയാണു നഷ്ടപ്പെട്ടിരിക്കുന്നതെന്നും ചരണ്‍ജിത് പറഞ്ഞു. മകന്‍ കൊല്ലപ്പെട്ട ശേഷം അവന്റെ യൂനിറ്റില്‍നിന്ന് 48 ലക്ഷം രൂപയാണു ലഭിച്ചത്. അവനു രക്തസാക്ഷി പദവി നല്‍കുകയോ പെന്‍ഷന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല. അഗ്നിപഥ് പദ്ധതി റദ്ദാക്കി സൈന്യത്തിലേക്ക് നേരിട്ട് നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഗ്നിപഥ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലിനെ ചരണ്‍ജിത് സിങ് പ്രശംസിച്ചു. പഞ്ചാബ് സര്‍ക്കാര്‍ മാത്രമാണ് തങ്ങളോട് നീതി കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ വീട്ടിലെത്തുകയും ഒരു കോടി രൂപ നല്‍കുകയും ചെയ്തു. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''അജയ് എന്റെ ഏക മകനായിരുന്നു. ആറു പെണ്‍മക്കളുണ്ട്. ഇതില്‍ നാലുപേരാണു വിവാഹിതരായത്. ഇളയ മകള്‍ അഞ്ജലി ദേവി ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയാണ്. അവള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കും. മകന്‍ കല്യാണം കഴിച്ചിരുന്നില്ല. സൈനിക കുപ്പായമിടണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ കുടുംബത്തിനു വേണ്ടി അവന്‍ ജീവന്‍ ബലിയര്‍പ്പിച്ചിരിക്കുകയാണ്. മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് അവന്റെ അമ്മ മഞ്ജിത് കൗര്‍.''

ലുധിയാന പായലിലെ രാംഗഢ് സര്‍ദാരന്‍ സ്വദേശിയാണ് അഗ്നിവീര്‍ അജയ് സിങ്. 2022 ഫെബ്രുവരിയിലാണ് അഗ്നിപഥ് പദ്ധതി വഴി അദ്ദേഹം ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്. കഴിഞ്ഞ ജനുവരി 18നാണ് ജമ്മു കശ്മീരില്‍ ബോംബ് സ്‌ഫോടനത്തില്‍ അജയ് കൊല്ലപ്പെടുന്നത്. രജൗരി ജില്ലയിലെ നൗഷേരയില്‍ നിയന്ത്രണരേഖയ്ക്കടുത്തായിരുന്നു കുഴിബോംബ് സ്‌ഫോടനമണ്ടായത്. അപകടത്തില്‍ മറ്റു രണ്ട് അഗ്നിവീറുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അജയ് സിങ്ങിന്റെ കുടുംബത്തെ നേരത്തെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലുധിയാനയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തില്‍ കുടുംബം പറഞ്ഞ കാര്യങ്ങള്‍ സൂചിപ്പിച്ചായിരുന്നു അഗ്നിവീറുകളോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാഹുല്‍ ലോക്‌സഭയില്‍ ആഞ്ഞടിച്ചത്. മോദി സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയിലൂടെ സൈന്യത്തില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് രാഹുല്‍ ആരോപിച്ചു. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന നയമാണ് കേന്ദ്രത്തിന് അഗ്നിവീറുകളോട്. ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഗ്നിവീര്‍ സൈനികനു രക്തസാക്ഷി പദവിയും കുടുംബത്തിന് നഷ്ടപരിഹാരവും പെന്‍ഷനുമൊന്നും നല്‍കിയില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

എന്നാല്‍, പ്രസംഗത്തിനിടെ രാജ്‌നാഥ് സിങ് ഇടപെട്ടു. തെറ്റായ പ്രസ്താവനകള്‍ നടത്തി രാഹുല്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച പ്രതിരോധ മന്ത്രി സൈനികന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നു വാദിച്ചു. അഗ്നിവീര്‍ അജയ് സിങ്ങിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്ന് ഇതിനുശേഷം സൈന്യവും വിശദീകരണ കുറിപ്പ് പുറത്തിറക്കി. ആനുകൂല്യങ്ങളായി 67 ലക്ഷം രൂപ കൂടി നല്‍കാനുണ്ടെന്നും മൊത്തത്തില്‍ 1.65 കോടി രൂപ നല്‍കുമെന്നുമാണു സൈന്യം വിശദീകരിച്ചത്.

Summary: 'Defense minister Rajnath Singh’s claim is false; didn't get a compensation of Rs 1 crore, didn't consider as a martyr': Says parents of Agniveer who died in mine blast in Jammu and Kashmir's Nowshera sector

TAGS :

Next Story