Quantcast

മണിപ്പൂരിലെ വിദ്യാർഥികളുടെ കൊലപാതകം; സി.ബി.ഐ സംഘം നാളെ എത്തും

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതിനെ തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-09-26 19:05:28.0

Published:

26 Sep 2023 7:02 PM GMT

മണിപ്പൂരിലെ വിദ്യാർഥികളുടെ കൊലപാതകം; സി.ബി.ഐ സംഘം നാളെ എത്തും
X

ഇംഫാൽ: മണിപ്പൂരിലെ രണ്ടു വിദ്യാർഥികളുടെ കൊലപാതക കേസിൽ സി.ബി.ഐ സംഘം നാളെ മണിപ്പൂരിലെത്തും. സി.ബി.ഐ ഡയറക്ടർ ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണസംഘം നാളെ മണിപ്പൂരിൽ എത്തുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് അറിയിച്ചു.

അതേ സമയം മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടായിരിക്കുകയാണ്. ഇംഫാലിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട് .

മണിപ്പൂരിൽ ജൂലൈയിൽ കാണാതായ മെയ്‌തെയ് വിഭാഗത്തിലെ രണ്ട് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. മരിച്ചുകിടക്കുന്ന വിദ്യാർഥികളുടെ പിറകിൽ ആയുധധാരികൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. മണിപ്പൂരിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്ത് വന്നത്. കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ ആറിനാണ് കോച്ചിങ് ക്ലാസിലേക്ക് പോയ 17 ഉം 20 ഉം വയസുള്ള കുട്ടികളെ കാണാതായത്. രണ്ടു ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരു ചിത്രത്തില്‍ കുട്ടികള്‍ പേടിച്ച് ഇരിക്കുന്നതും മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളും കാണാം. വിദ്യാർഥികൾ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. കൊലപാതകം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

അക്രമികളെ പിടികൂടാൻ സുരക്ഷാസേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് ഉത്തരവാദികളാണെന്ന് കണ്ടെത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പൊതുജനങ്ങൾ സംയമനം പാലിക്കണമെന്നും അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനോട് വിവരങ്ങൾ തേടിയിരുന്നു.

ചിത്രങ്ങൾ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്.എത്രയും വേഗം പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ കുകി വിഭാഗക്കാരാണെന്നാണ് മെയ് തെയ് വിഭാഗക്കാരുടെ ആരോപണം. കഴിഞ്ഞദിവസമാണ് മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് പുനഃസ്ഥാപിച്ചത്.

TAGS :

Next Story