Quantcast

ഉത്തരേന്ത്യയിലെ 'സവർണ'രോഷം വോട്ടായി മാറുമോ? ബി.ജെ.പിയെ തോൽപിക്കുമെന്ന് പ്രഖ്യാപിച്ച് ക്ഷത്രിയ രജപുത്ര സമുദായം

ഗുജറാത്തിലെ 26 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ക്ഷത്രിയ രജപുത്ര സമുദായ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-04-16 12:58:06.0

Published:

16 April 2024 11:17 AM GMT

Will Savarna anger turn into votes in North India? The Kshatriya Rajput community declares that they will vote against the BJP, Lok Sabha elections 2024, Lok Sabha 2024, Elections 2024, Parshottam Rupala, Kshatriya Rajput protests
X

പര്‍ഷോത്തം രൂപാലയുടെ പരാമര്‍ശത്തിനെതിരെ രാജ്കോട്ടില്‍ നടന്ന രജപുത്ര പ്രതിഷേധം

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടർമാർ പോളിങ് ബൂത്തിലേക്കു പോകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബി.ജെ.പിക്ക് തലവേദനയായി ക്ഷത്രിയ രജപുത്ര സമുദായം. കേന്ദ്രമന്ത്രി പർഷോത്തം രൂപാലയെ സ്ഥാനാർഥിയാക്കിയതിനെ ചൊല്ലിയാണ് ബി.ജെ.പിക്കെതിരെ 'സവർണ' സമുദായത്തിനിടയിൽ പ്രതിഷേധം പുകയുന്നത്. രൂപാല മത്സരിക്കുന്ന ഗുജറാത്തിനു പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇവർ. അതിനിടെ, പ്രതിഷേധം വകവയ്ക്കാതെ രാജ്‌കോട്ടിൽനിന്ന് പർഷോത്തം രൂപാല ഇന്ന് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുകയാണ്.

ദലിത് സമുദായമായ രുഖി വിഭാഗത്തിന്റെ ഒരു പരിപാടിയിൽ രൂപാല നടത്തിയ പരാമർശമാണ് രജപുത്രന്മാർ ഉൾപ്പെടെയുള്ള 'മേൽജാതി' സമുദായങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. രാജാക്കന്മാരും രാജകുടുംബങ്ങളുമെല്ലാം ബ്രിട്ടീഷുകാർക്കുമുന്നിൽ തലകുമ്പിട്ടപ്പോഴൊന്നും അതിനു നിന്നുകൊടുക്കാത്തവരാണ് രുഖി സമുദായം എന്നായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ക്ഷത്രിയ സമുദായങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരിക്കുകയാണ്. രൂപാലയെ ഗുജറാത്തിലെ രാജ്‌കോട്ട് പാർലമെന്റ് സീറ്റിൽ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചതോടെ പ്രതിഷേധം കടുത്തു. സ്ഥാനാർഥിത്വം പിൻവലിക്കണമെന്നായിരുന്നു ആവശ്യം.

ഗുജറാത്തിനു പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, യു.പി, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്ഷത്രിയ നേതാക്കൾ പരസ്യമായി രംഗത്തെത്തി. എന്നാൽ, പ്രതിഷേധങ്ങളൊന്നും ബി.ജെ.പി വകവച്ചില്ലെന്നു മാത്രമല്ല ഇന്ന് പർഷോത്തം നാമനിർദേശപത്രിക കൂടി സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിവർ.

ഏറ്റവുമൊടുവിൽ മുംബൈയിലെ ക്ഷത്രിയ രജപുത്ര സമുദായമാണ് ബി.ജെ.പിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. മുംബൈയിൽ 50,000ത്തോളം ക്ഷത്രിയ സമുദായക്കാരുണ്ടെന്നാണ് കണക്ക്. സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ മുംബൈയിലെ എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് നേരത്തെ സമുദായ നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. രൂപാലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമുദായത്തിന്റെ എതിർപ്പിന് ബി.ജെ.പി പുല്ലുവില കൽപിക്കാതിരുന്നതോടെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണിവർ. നേരത്തെ ഒരു വ്യക്തിക്കെതിരെയായിരുന്നു പോരാട്ടമെങ്കിൽ ഇപ്പോഴത്ത് ഒരു പാർട്ടിക്കെതിരെ ഒന്നാകെയാണെന്നാണ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ രൂപാലയെ പിന്തുണച്ചവരാണ് തങ്ങൾ. എന്നാൽ, ഇപ്പോൾ സ്വന്തം കാലിലാണ് അദ്ദേഹം വെട്ടിയിരിക്കുന്നതെന്ന് മുംബൈയിലെ ക്ഷത്രിയ രജപുത്ര സംഘടനാ അധ്യക്ഷൻ ജിതു മാക്‌വാന പ്രതികരിച്ചു. ഞങ്ങളുടെ സഹോദരിമാരുടെയും അമ്മമാരുടെയും അഭിമാനമാണിത്. ഗുജറാത്തിലെ പോലെ മുംബൈയിലെ എല്ലാ സീറ്റിലും ബി.ജെ.പിക്കെതിരെയായിരിക്കും സമുദായം വോട്ട് ചെയ്യുക. രാജ്യമൊന്നാകെ ഈ രോഷത്തിന്റെ ചൂട് ബി.ജെ.പി അറിയുമെന്നും ജിതു പ്രഖ്യാപിച്ചു.

ഗുജറാത്തിൽനിന്നുള്ള രജപുത്ര സമുദായമാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിലായി പരന്നുകിടക്കുന്നത്. മുംബൈയുടെ വിവിധ ഭാഗങ്ങളിലായി 12,000 ക്ഷത്രിയ രജപുത്ര സമുദായ കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. കിഴക്കൻ മുംബൈയിലും പടിഞ്ഞാറൻ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലുമാണു കൂടുതൽ ശക്തമായ സ്വാധീനമുള്ളത്. മുലുന്ദിൽ മാത്രം 400 കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നാണു വിവരം.

ഗുജറാത്തിലെ 26 സീറ്റിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ക്ഷത്രിയ രജപുത്ര സമുദായം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂപേന്ദ്രഭായ് പട്ടേൽ, ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീൽ എന്നിവരുമായി കഴിഞ്ഞ ദിവസവും സമുദായ നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. 75ഓളം വരുന്ന ജാതിസമുദായങ്ങളെ പ്രതിനിധീകരിച്ചായിരുന്നു നേതാക്കൾ എത്തിയതെങ്കിലും ഇവരുടെ ആവശ്യത്തിന് ബി.ജെ.പി വഴങ്ങിയിരുന്നില്ല. രൂപാലയെ സ്ഥാനാർഥിത്വത്തിൽനിന്നു മാറ്റാൻ നേതാക്കൾ തയാറായില്ല. ഇതോടെയാണ് രജപുത്ര സമുദായം നിലപാട് കടുപ്പിച്ചിരിക്കുന്നത്.

അതിനിടെ, പർഷോത്തം രൂപാലയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്‌കോട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എത്തുമെന്ന് റിപ്പോർട്ടുണ്ട്. മോദി എത്തുന്നതിനുമുൻപ് പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് ഒരു ബി.ജെ.പി വൃത്തം പ്രതികരിച്ചതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിലെ സഹാറൻപൂർ, മുസഫർനഗർ, മീറത്ത് എന്നിവിടങ്ങളിലെല്ലാം വൻ പ്രതിഷേധ പരിപാടികളാണ് നടന്നിരുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം ക്ഷത്രിയർക്കിടയിൽ രോഷമുയർന്നിട്ടുണ്ട്. ഈ പ്രതിഷേധങ്ങളെല്ലാം വോട്ടായി മാറുകയാണെങ്കിൽ ഹിന്ദി ഹൃദയഭൂമിയിൽ ഉൾപ്പെടെ ബി.ജെ.പിക്ക് വൻ തിരിച്ചടിയാകുമെന്നുറപ്പാണ്.

Summary: Will 'Savarna' anger turn into votes in North India? The Kshatriya Rajput community declares that they will vote against the BJP

TAGS :

Next Story