കുൽവീന്ദർ കൗറിന് പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണ മോതിരം; പിന്തുണ പ്രഖ്യാപിച്ച് തമിഴ് പാർട്ടി
എട്ടു ഗ്രാമിന്‍റെ സ്വര്‍ണ മോതിരത്തിനൊപ്പം പെരിയാറിനെ കുറിച്ചുള്ള പുസ്തകങ്ങളും കുൽവീന്ദറിനു സമ്മാനിക്കുമെന്ന് ടി.പി.ഡി.കെ നേതാവ് രാമകൃഷ്ണൻ അറിയിച്ചു
കോയമ്പത്തൂർ: ബോളിവുഡ് താരവും നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി തമിഴ്‌നാട്ടിലെ തന്തൈ പെരിയാർ ദ്രാവിഡർ കഴകവും(ടി.പി.ഡി.കെ). സംഭവത്തിനു പിന്നാലെ വകുപ്പ് നടപടി നേരിടുന്ന കുൽവീന്ദർ കൗറിന് പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത എട്ടു ഗ്രാമിന്റെ സ്വർണ മോതിരം അയയ്ക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് പാർട്ടി. നേരത്തെ, സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി അവർക്കു ജോലി വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.
ടി.പി.ഡി.കെ ജനറൽ സെക്രട്ടറി കു രാമകൃഷ്ണൻ ആണ് കുൽവീന്ദറിനുള്ള അനുമോദനമായി മോതിരം അയയ്ക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച കുൽവീന്ദറിന് എട്ട് ഗ്രാമിന്റെ മോതിരം അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കർഷകർക്കൊപ്പം നിലകൊണ്ടതിനാണ് ഇത്തരമൊരു അനുമോദനം. കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയ കർഷകക്കിടയിൽ കുൽവീന്ദറിന്റെ അമ്മയും ഉണ്ടായിരുന്നുവെന്ന് രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
കുൽവീന്ദറിന്റെ വീട്ടുവിലാസത്തിൽ മോതിരം അയയ്ക്കും. കൊറിയർ സർവീസിൽ സ്വർണ മോതിരം സ്വീകരിക്കുന്നില്ലെങ്കിൽ ഞങ്ങളുടെ ഒരു പ്രവർത്തകനെ അവരുടെ വീട്ടിലേക്ക് ട്രെയിൻ മാർഗമോ വിമാന മാർഗമോ അയയ്ക്കും. പെരിയാറിനെ കുറിച്ചുള്ള പുസ്തകങ്ങളും അവർക്കു സമ്മാനിക്കുമെന്നും ടി.പി.ഡി.കെ നേതാവ് അറിയിച്ചു.
വ്യാഴാഴ്ച ചണ്ഡിഗഢ് വിമാനത്താവളത്തിലായിരുന്നു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചത്. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ആക്ഷേപിച്ചതാണു പ്രകോപനമെന്ന് അവർ വ്യക്തമാക്കി. പുറത്തുവന്ന ദൃശ്യങ്ങളിലും കുൽവീന്ദർ കൗർ ഇതേക്കുറിച്ചു സംസാരിക്കുന്നതു കേൾക്കാം. 'നൂറു രൂപയ്ക്കു വേണ്ടിയാണ് ആൾക്കാർ സമരത്തിനിരിക്കുന്നതെന്നാണ് ഇവൾ പറഞ്ഞത്. അങ്ങനെ അവളും അവിടെ പോയി ഇരിക്കുമോ? ആ പരാമർശം നടത്തിയ സമയത്ത് എന്റെ അമ്മയും അവിടെയുണ്ടായിരുന്നു'-വിഡിയോയിൽ ഇങ്ങനെയാണ് കുൽവീന്ദർ പറഞ്ഞത്.
സംഭവത്തിനു പിന്നാലെ കുൽവീന്ദറിനു പിന്തുണയുമായി കർഷക സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയയിലൂടെ വിശാൽ ദദ്ലാനി പിന്തുണ അറിയിച്ചത്. ഹിംസയെ ഒരിക്കലും പിന്തുണയ്ക്കുന്ന ആളല്ലെന്നു പറഞ്ഞു തുടങ്ങിയ ദദ്‌ലാനി, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ രോഷം തനിക്കു ശരിക്കും മനസിലാകുമെന്നും വ്യക്തമാക്കി. സംഭവത്തിൽ സി.ഐ.എസ്.എഫ് എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അവർക്കു പറ്റിയൊരു ജോലി താൻ ഉറപ്പുനൽകുമെന്നും ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ദദ്‌ലാനി അറിയിച്ചു.
ഇതിനിടെ കുൽവീന്ദർ കൗറിനെ സസ്പെൻഡ് ചെയ്ത് സി.ഐ.എസ്.എഫ് ഉത്തരവുമിറങ്ങി. ഇതോടെ കൗറിനെ ആരെങ്കിലും ബന്ധപ്പെടുത്തി തരണമെന്ന ആവശ്യവുമായി ദദ്‌ലാനി വീണ്ടും പോസ്റ്റിട്ടു. കൗറിനെ ഡ്യൂട്ടിയിൽനിന്നു നീക്കംചെയ്തിട്ടുണ്ടെങ്കിൽ അവരെ ബന്ധപ്പെടുത്തി തരണം. അവർക്കു ഞാൻ നല്ലൊരു ജോലി ഉറപ്പാക്കും. നിങ്ങളുടെ അമ്മയെ 'നൂറു രൂപയ്ക്കു കിട്ടുമെന്ന്' ആരെങ്കിലും പറഞ്ഞാൽ നിങ്ങളെന്തു ചെയ്യും? സുരക്ഷാ പരിശോധനയ്ക്കിടെ ഫോൺ മാറ്റാൻ ആവശ്യപ്പെട്ടിട്ടും കങ്കണ തയാറായിരുന്നില്ല. ഇതാണു പ്രശ്‌നങ്ങളുടെ തുടക്കമെന്നും വിശാൽ ദദ്ലാനി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സംഭവം ആഘോഷിക്കുന്നുവെന്നു പറഞ്ഞ് ബോളിവുഡിനെതിരെ തിരിയുകയായിരുന്നു കങ്കണ. നാളെ ഏതെങ്കിലും രാജ്യത്തിന്റെ തെരുവിൽ വല്ല ഇസ്രായേലിയോ ഫലസ്തീനിയോ നിങ്ങളെയും തല്ലാനിടയുണ്ടെന്നു വിമർശിച്ചു അവർ. ഇസ്രായേലിന്റെ ഫലസ്തീൻ ആക്രമണത്തിനെതിരായ ബോളിവുഡ് താരങ്ങളുടെ ഐക്യദാർഢ്യത്തെ പരിഹസിച്ചായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്. ഇതു പിന്നീട് പിൻവലിച്ചെങ്കിലും ഫലസ്തീൻ ഐക്യദാർഢ്യത്തെ കുറ്റപ്പെടുത്തി മറ്റൊരു പോസ്റ്റും ഇതിനു പിന്നാലെ ഇട്ടു.
ആദ്യത്തെ പോസ്റ്റ് ഇങ്ങനെയായിരുന്നു: 'സിനിമാക്കാരേ, വിമാനത്താവളത്തിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങൾ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും കോണിലോ നിരായുധരായി നടക്കുമ്പോൾ വല്ല ഇസ്രായേലിയോ ഫലസ്തീനിയോ വന്നു നിങ്ങളെ അടിച്ചേക്കാം. റഫായിലേക്ക് ആളുകളുടെ കണ്ണുകളെത്തിക്കാൻ ശ്രമിച്ചതിനോ ഇസ്രായേലി ബന്ദികൾക്കൊപ്പം നിന്നതിനോ ആകുമിത്. അന്ന് ഞാൻ നിങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുണ്ടാകും. അന്ന് ഞാനെങ്ങനെ അങ്ങനെയായി എന്ന് അത്ഭുതപ്പെടാൻ നിൽക്കേണ്ട. കാരണം, നിങ്ങൾ ഞാനല്ല.'
റഫായിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു കങ്കണയുടെ പുതിയ സ്റ്റോറി. all eyes on rafah എന്ന വൈറൽ തലക്കെട്ട് ഉപയോഗിച്ചു താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു അവർ. പുതിയ സ്റ്റോറി ഇങ്ങനെയായിരുന്നു: ''all eyes on rafah ഗ്യാങ്, ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്. ഒരുനാൾ ഇത് നിങ്ങൾക്കും സംഭവിക്കും''
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവുമായും തന്റെ അനുഭവത്തെ താരതമ്യപ്പെടുത്തി കങ്കണ. അടിയന്തരാവസ്ഥ പ്രമേയമായി പുറത്തിറങ്ങാനിരിക്കുന്ന 'എമർജൻസി' ചിത്രത്തെ സൂചിപ്പിച്ചായിരുന്നു കുറിപ്പ്. 'എമർജൻസി' ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. നിരായുധയായൊരു വയോധിക സ്വന്തം വീട്ടിൽ, വിശ്വസ്തരായ സുരക്ഷാഭടന്മാരാൽ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് ചിത്രത്തിൽ നിങ്ങൾക്കു കാണാം. പ്രായമായൊരു സ്ത്രീയെ കൊല്ലാൻ 35 വെടിയുണ്ടകളാണ് അവർ ഉപയോഗിച്ചത്. ധീരരായ ഖലിസ്ഥാനികളുടെ കഥ ഉടൻ പുറത്തുവരുമെന്നും കങ്കണ പറഞ്ഞു.
Summary: Kulwinder Kaur, CISF cop who slapped Kangana Ranaut, to get gold ring engraved with Periyar's image
Adjust Story Font
16