അരവിന്ദ് കെജ്‌രിവാളിനെതിരെ ഖലിസ്ഥാൻ ആരോപണമുന്നയിച്ച കുമാർ വിശ്വാസിന് വൈ കാറ്റഗറി സുരക്ഷ
അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് മാത്രമാണ് താൻ തീവ്രവാദിയായി തോന്നുന്നത് എന്നായിരുന്നു ആരോപണത്തിന് കെജ്‌രിവാളിന്റെ മറുപടി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഖലിസ്ഥാൻ വാദികളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുൻ എ.എ.പി നേതാവ് കുമാർ വിശ്വാസിന് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. കുമാർ വിശ്വാസിന്റെ ആരോപണം കോൺഗ്രസും ബി.ജെ.പിയും ഏറ്റുപിടിച്ചതോടെയാണ് പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഇത് പ്രധാന ചർച്ചാവിഷയമായത്. താന്‍ പഞ്ചാബ് മുഖ്യമന്ത്രിയോ സ്വതന്ത്ര ഖലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകുമെന്ന് കെജ്‌രിവാൾ പറഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ വിശ്വസ് വെളിപ്പെടുത്തിയത്
ആം ആദ്മി പാർട്ടിക്ക് ഖലിസ്ഥാൻ വാദികളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു്. വിഘടനവാദികളുമായി ഡൽഹി കെജ് രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയാണ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാർ ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചന്നിയുടെ കത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.
അതേസമയം അഴിമതിക്കാരായ രാഷ്ട്രീയക്കാർക്ക് മാത്രമാണ് താൻ തീവ്രവാദിയായി തോന്നുന്നത് എന്നായിരുന്നു ആരോപണത്തിന് കെജ്‌രിവാളിന്റെ മറുപടി. ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബിൽ ഉണ്ടാവുന്നത് ആലോചിച്ച് അഴിമതിക്കാർക്കുള്ള ഭയമാണ് ഇപ്പോൾ തീവ്രവാദി ആരോപണമായി പുറത്തുവരുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.
നാളെയാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി, കോൺഗ്രസ് എന്നിവർക്കൊപ്പം ആം ആദ്മി പാർട്ടിയും ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ഇത്തവണ സംസ്ഥാനത്ത് അധികാരത്തിലെത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എ.എ.പി.
Adjust Story Font
16