Quantcast

കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 2 ലക്ഷം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെഡിഎസ്

കോലാറില്‍ നടന്ന പഞ്ചരത്‌ന റാലി റാലിയില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്

MediaOne Logo

Web Desk

  • Published:

    12 April 2023 2:16 AM GMT

H. D. Kumaraswamy
X

എച്ച്.ഡി കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി മുന്നണികളും രംഗത്തുണ്ട്. കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ജെഡിഎസ്. കോലാറില്‍ നടന്ന പഞ്ചരത്‌ന റാലി റാലിയില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയാണ് പ്രഖ്യാപനം നടത്തിയത്.


കർഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതി തന്‍റെ പാർട്ടി ആരംഭിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.കര്‍ഷകരുടെ മക്കള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ പ്രയാസമാണെന്നും ഈ പദ്ധതി അവരുടെ വിവാഹം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.''കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ലെന്ന ഒരു നിവേദനം എനിക്കു ലഭിച്ചിരുന്നു. കർഷകരുടെ മക്കളുടെ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണം.നമ്മുടെ ആൺകുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനായി അവതരിപ്പിക്കുന്ന പദ്ധതികളില്‍ ഒന്നാണിത്'' കുമാരസ്വാമി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.



കര്‍ഷകരുടെ വോട്ട് ലക്ഷ്യമിട്ട് വനിതാ സ്വയം സഹായ സംഘങ്ങളുടെ വായ്പകളും പാവപ്പെട്ടവർക്കുള്ള ചികിത്സാ സഹായവും എഴുതിത്തള്ളുമെന്ന് ജെഡിഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ജെഡിഎസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ബെംഗളൂരു, സെൻട്രൽ, തീരദേശ, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക, ദക്ഷിണ കർണാടക എന്നിങ്ങനെ 6 മേഖലകളിലായി 224 നിയമസഭാ മണ്ഡലങ്ങളാണ് കർണാടകയിലുള്ളത്.പാർട്ടി ഇതിനോടകം 93 സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.ദേശീയ പാർട്ടികൾ വിജയിച്ചാലും സർക്കാർ രൂപീകരണത്തിൽ ജെഡി (എസ്) പിന്തുണ ആവശ്യമായി വരുമെന്നതിനാൽ തന്‍റെ പാർട്ടി സംസ്ഥാനത്ത് നിർണായക പങ്ക് വഹിക്കുമെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് 25-30 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ.



TAGS :

Next Story