മൂന്ന് സീറ്റ് വേണമെന്ന് കുമാരസ്വാമി; കർണാടകയിൽ ബി.ജെ.പി - ജെ.ഡി.എസ് തർക്കം
ബി.ജെ.പി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കർണാടക എൻ.ഡി.എയിൽ ഭിന്നത. മൂന്ന് സീറ്റ് വേണമെന്ന കടുംപിടിത്തത്തിലാണ് ജനതാദൾ എസ്. ഹസൻ, കോലാർ എന്നീ മണ്ഡലങ്ങൾ കൂടാതെ മാണ്ഡ്യ കൂടി വേണമെന്നാണ് ജെ.ഡി.എസ് ആവശ്യപ്പെടുന്നത്. ഹസനിൽ നിലവിൽ ജെ.ഡി.എസിലെ പ്രജ്‍വാൽ രേവണ്ണയാണ് എം.പി. നേരത്തെ അഞ്ച് സീറ്റാണ് ജെ.ഡി.എസ് ആവശ്യപ്പെട്ടിരുന്നത്.
മാണ്ഡ്യ സീറ്റ് ജെ.ഡി.എസിന് ലഭിച്ചാൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോ മകൻ നിഖിൽ കുമാരസ്വാമിയോ മത്സരിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് അമിത്ഷായുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല എന്നാണ് വിവരം.
നിലവിൽ ബി.ജെ.പി പിന്തുണയിൽ ജയിച്ച സുമലത അംബരീഷിന്റെ സീറ്റാണ് മാണ്ഡ്യ. മാർച്ച് 25ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം എച്ച്.ഡി. കുമാരസ്വാമി പാർട്ടി പ്രവർത്തകരെ അറിയിച്ചിരുന്നു.
25 ലോക്സഭാ മണ്ഡലങ്ങളാണ് കർണാടകയിൽ. കഴിഞ്ഞ ആഴ്ച ബി.ജെ.പി 20 സ്ഥാനാർഥികളെ ആദ്യഘട്ടമായി പ്രഖ്യാപിച്ചിരുന്നു. പ്രമുഖരെയാണ് ബി.ജെ.പി അണിനിരത്തുന്നത്. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ധാർവാഡിൽനിന്ന് അഞ്ചാം തവണയും ജനവിധി തേടും. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹവേരിയിൽനിന്ന് മത്സരിക്കും.
ഉഡുപ്പി-ചിക്കമംഗളൂരു സീറ്റിൽനിന്ന് ശോഭ കരന്ദ്‍ലാജെയെ ബംഗളൂരു നോർത്തിലേക്ക് മാറ്റി. ബംഗളൂരു സെൻട്രലിൽ പി.സി. മോഹനും ബംഗളൂരു സൗത്തിൽ തേജസ്വി സൂര്യയും മത്സരിക്കും.
മൈസൂരുവിൽ രാജകുടുംബത്തിലെ കൃഷ്ണദത്ത ചാമരാജ വാഡിയാറാണ് പുതിയ സ്ഥാനാർഥി. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മരുമകനും പ്രശ്സത ഹൃദ്രോഗ വിദഗ്ധനുമായ സി.എൻ. മഞ്ജുനാഥിനെ ബംഗളൂരു റൂറലിൽ സ്ഥാനാർഥിയാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റാണിത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് ഇവിടെ നിലവിലെ എം.പി.
കലബുറുഗിയിൽ ഉമേജ് ജി. ജാദവാണ് ഇത്തവണയും മത്സരിക്കുന്നത്. 2019ൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.
മുൻ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ (ബംഗളൂരു നോർത്ത്), പ്രതാപ് സിംഹ (മൈസൂരു), സംഗണ്ണ കരാടി (കൊപ്പാൽ), നളിൻകുമാർ കട്ടീൽ (ദക്ഷിണ കന്നഡ), ജി.എം. സിദ്ധേശ്വര (ദാവൻഗരെ) എന്നിവരെ ഇത്തവണ ബി.ജെ.പി മത്സരിപ്പിക്കുന്നില്ല.
അതേസമയം, ഈയിടെ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് ബി.ജെ.പി സീറ്റ് നൽകിയിട്ടില്ല. ഇതിൽ അദ്ദേഹത്തിന് നീരസം ഉണ്ട്. ഹാവേരി, ധാർവാഡ് എന്നീ സീറ്റുകളാണ് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നത്.
Adjust Story Font
16