പിഎഫ് ഇനി എടിഎമ്മിൽ നിന്ന് പിൻവലിക്കാം; പുതിയ സേവനവുമായി തൊഴിൽ മന്ത്രാലയം
ജനുവരി 2025 മുതൽ സേവനം പ്രാവർത്തികമാക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം
ന്യൂഡൽഹി: അടുത്ത വർഷം മുതൽ പിഎഫ് നേരിട്ട് എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. ഇന്ത്യയിലെ തൊഴിലാളികൾക്ക് മികച്ച സേവനമൊരുക്കുന്നതിനായി ഐടി സംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നടപടി. അടുത്ത വർഷം മുതൽ ഇപിഎഫ്ഒ വരിക്കാർക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ടിൽ നിന്നും തുക എടിഎം വഴി പിൻവലിക്കാനാകുമെന്ന് തൊഴിൽ മന്ത്രാലയ സെക്രട്ടറി സുമിത് ധവ്‌റ പറഞ്ഞു.
നിലവിൽ പിഎഫ് ക്ലെയിമുകൾ തീർപ്പാക്കുന്ന നടപടിയിലാണ് തങ്ങൾ. പിഎഫ് ഉള്ളവരുടെ ജീവിതനിലവാരമുയർത്താൻ പണ ശേഖരണം അനായാസമാക്കാനുള്ള പദ്ധതികൾ നീരീക്ഷിക്കുകയാണ് തങ്ങൾ. ഒരു ഉപഭോക്താവിനോ, ബെനഫിഷ്യറിക്കോ ഇൻഷൂറൻസ് ചേർത്തിട്ടുള്ളയാൾക്കോ ഇനി എടിഎം വഴി പണം പിൻവലിക്കാൻ സാധിക്കും. ഇതിനായി മറ്റൊരാളെ ആശ്രയിക്കേണ്ട ആവശ്യമില്ല, എന്നും ധവ്‌റ കൂട്ടിച്ചേർത്തു.
രണ്ട് - മൂന്ന് മാസത്തിനിടെ പുതിക്കിയ പദ്ധതികൾ വന്നുകൊണ്ടിരിക്കുകയാണ്. 2025 ജനുവരിയോടെ പദ്ധതികളിൽ പുതിയ രീതികൾ അവതരിപ്പിക്കുമെന്നും ധവ്‌റ കൂട്ടിച്ചേർത്തു.
70 ദശലക്ഷം ആളുകളാണ് നിലവിൽ ഇപിഎഫ്ഒ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പദ്ധതിയിൽ കരാർ തൊഴിലാളികളെയും ഉൾപ്പെടുത്താനുള്ള നടപടി വിപുലമായ ഘട്ടത്തിലാണെന്നും ധവ്‌റ കൂട്ടിച്ചേർത്തു. എന്നാൽ ഇത് എന്നാണ് പ്രാവർത്തികമാകുക എന്നത് വ്യക്തമല്ല. മെഡിക്കൽ ഫണ്ട്, വൈകല്യമുള്ളവർക്കായുള്ള സാമ്പത്തിക സഹായം, പ്രൊവിഡന്റ് ഫണ്ട്, എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടും. നിലവിൽ അന്തിമഘട്ടത്തിലുള്ള പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കരാർ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷയും ആനുകൂല്യങ്ങളും ആസൂത്രണം ചെയ്യുന്നതിനായി സമൂഹത്തിലെ നാനാവിധ മേഖലകളിൽ നിന്നും അംഗങ്ങളെ ചേർത്ത് കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ടെന്നും ധവ്‌റ കൂട്ടിച്ചേർത്തു.
2020ൽ പാർലമെന്റിലാണ് കരാർ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതി എന്ന ആശയം മുന്നോട്ടുവെക്കപ്പെട്ടത്. ഇതിൽ സാമൂഹിക സുരക്ഷയ്ക്ക് പുറമെ ജീവിതനിലവാരം ഉയർത്താനുള്ള പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.
2017ൽ ആറ് ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ ഇന്ന് 3.2 ശതമാനമായി കുറഞ്ഞെന്നും ധവ്‌റ കൂട്ടിച്ചേർത്തു. ഇത് കൂടാതെ തൊഴിൽ മേഖലകളിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണം വർധിച്ചെന്നും ഇത് ഉയരുകയാണെന്നും ധവ്‌റ പറഞ്ഞു.
Adjust Story Font
16