ലഖിംപൂർ ഖേരി അക്രമം: ആശിഷ് മിശ്രയ്ക്ക് ജാമ്യം
വിചാരണ നടപടി വേഗത്തിലാക്കാൻ കോടതി നിർദേശിച്ചു
ന്യൂഡൽഹി: 2021ലെ ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട കേസിൽ മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സുപ്രിം കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ആശിഷ് മിശ്രയ്ക്ക് സുപ്രിം കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കർഷകർക്കും ജാമ്യം അനുവദിച്ചു. വിചാരണ നടപടി വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് നിർദേശിക്കുകയും ചെയ്തു.
'എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് സമ്പൂർണമാക്കിയത്. 117 സാക്ഷികളിൽ ഏഴുപേരെ ഇതുവരെ വിസ്തരിച്ചു എന്നാണ് വിവരം. ഞങ്ങളുടെ നിരീക്ഷണത്തിൽ വിചാരണ നടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്.'- ബെഞ്ച് പറഞ്ഞു.
2021ൽ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിലാണ് ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. കർഷക പ്രതിഷേധത്തിനുനേരെ കേന്ദ്രമന്ത്രിയുടെ പുത്രൻ കാറിടിച്ചുകയറ്റുകയായിരുന്നു. കർഷകർക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തിൽ എട്ടു കർഷകരാണു കൊല്ലപ്പെട്ടത്. അക്രമത്തിൽ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16