ലഖിംപൂർ ഖേരി: പ്രതിഷേധക്കാർ ബി.ജെ.പി പ്രവർത്തകരെ അക്രമിച്ചെന്ന് രണ്ടാം എഫ്.ഐ.ആർ
ഒക്ടോബർ നാലിന് തിക്കോണിയ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ലഖിംപൂർ ഖേരി സംഭവത്തിൽ കർഷകരുടെ കൊലപാതകം പരാമർശിക്കാതെ രണ്ടാം എഫ്.ഐ.ആർ. പ്രതിഷേധക്കാരിലെ ചിലർ എസ്.യു.വിയിൽ യാത്ര ചെയ്തിരുന്ന ബി.ജെ.പി പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
രണ്ടാം എഫ്.ഐ.ആറിൽ "പേരറിയാത്ത ഒരു കലാപകാരി" യുടെ പേരിൽ ഐ.പി.സിയുടെ 302 , 324 വകുപ്പുകൾ ചാർത്തിയിട്ടുണ്ട്. ബി.ജെ.പി പ്രവർത്തകരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട സുമിത് ജയ്‌സ്വാളിന്റെ പരാതിയിലാണ് എഫ്.ഐ.ആർ. ഒക്ടോബർ നാലിന് തിക്കോണിയ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതിനിടെ അഞ്ചിന സമര പരിപാടികളുമായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രയെ ഉടൻ പുറത്താക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച കർഷക രക്തസാക്ഷിദിനമായി ആചരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ ഈ ദിവസം ലഖിംപൂർഖേരിയിലെത്തി പ്രതിഷേധത്തിന്റെ ഭാഗമാകും.
15ന് ദസറദിനത്തില്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കോലം കത്തിക്കും. 18ന് രാജ്യത്തുടനീളം ട്രെയിനുകൾ തടയാനും പദ്ധതിയുണ്ട്. ബിജെപിയുടെ കർഷകദ്രോഹ നയങ്ങളെക്കുറിച്ച് ദേശവ്യാപകമായി പ്രതിഷേധമുയർത്തുകയാണ് ഇതുവഴി കിസാൻ മോർച്ച ലക്ഷ്യമിടുന്നത്. ലഖ്‌നൗവിൽ 26ന് മഹാപഞ്ചായത്തും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച അറിയിച്ചു.
Adjust Story Font
16