'കോടതികൾ ലക്ഷ്മണരേഖ ലംഘിക്കരുത്'; രാജ്യദ്രോഹക്കുറ്റത്തിൽ കോടതിവിധിക്കു പിന്നാലെ അതൃപ്തിയുമായി കേന്ദ്രം
ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച് ഇന്ന് ഉത്തരവിറക്കിയത്
ന്യൂഡൽഹി: രാജ്യദ്രോഹക്കേസ് താത്ക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി വിധിയിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. കോടതിയെയും കോടതിയുടെ സ്വാതന്ത്ര്യത്തെയും മാനിക്കുന്നുണ്ടെങ്കിലും ലക്ഷ്മണരേഖ ലംഘിക്കരുതെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പ്രതികരിച്ചു.
സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് കിരൺ റിജിജുവിന്റെ പ്രതികരണം. ''പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം എന്താണെന്ന് കോടതിയെ അറിയിക്കുകയും ഞങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെയും കോടതിയുടെ സ്വാതന്ത്ര്യത്തെയും ഞങ്ങൾ മാനിക്കുന്നുണ്ട്. എന്നാൽ, എല്ലാവരും മാനിക്കേണ്ട ഒരു ലക്ഷ്മണരേഖയുണ്ട്. അത് നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടനാ വകുപ്പുകളും നിലവിലെ നിയമങ്ങളുമെല്ലാം മാനിക്കുന്നുണ്ടെന്ന കാര്യവും ഉറപ്പാക്കേണ്ടതുണ്ട്.''- റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
കോടതി സർക്കാരിനെയും നിയമനിർമാണ സഭയെയും മാനിക്കണം, തിരിച്ച് സർക്കാരും കോടതിയെ മാനിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇവിടെ കൃത്യമായ അതിർത്തികളും ലക്ഷ്മണരേഖകളുമെല്ലാമുണ്ട്. അത് ആരും ലംഘിക്കരുതെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. സുപ്രീംകോടതിയുടെ വിധി തെറ്റാണെന്ന് വിശ്വസിക്കുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഇന്ന് രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച് ഉത്തരവിറക്കിയത്. രാജ്യദ്രോഹനിയമ പ്രകാരം പുതിയ കേസെടുക്കുന്നത് തടഞ്ഞ കോടതി ഇക്കാര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകാൻ നിർദേശിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ നിയമം പുനഃപരിശോധിക്കുന്നതുവരെയാണ് ഉത്തരവ്. നിലവിലുള്ള കേസുകളിൽ ജയിലിലുള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം.
രാജ്യദ്രോഹക്കേസിൽ 13,000ത്തോളം പേർ ജയിലിലുണ്ടെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. രാജ്യദ്രോഹക്കേസുകൾ മരവിപ്പിക്കരുതെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയും ചെയ്തു. നേരത്തെയുള്ള കേസുകളിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളാണെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, കേന്ദ്രസർക്കാർ വാദങ്ങൾ തള്ളിയാണ് സുപ്രീംകോടതിയുടെ ചരിത്രവിധി.
Summary: 'There is Lakshman Rekha...', Union Law Minister Kiren Rijiju reacts after Supreme Court holds sedition law
Adjust Story Font
16