Quantcast

രാമക്ഷേത്ര നിർമാണ ഫണ്ട് ഉപയോഗിച്ച് വൻ തട്ടിപ്പ്; ട്രസ്റ്റിനും ബിജെപി എംഎൽഎക്കുമെതിരെ പരാതിയുമായി പുരോഹിതൻ

ബാബരി കേസിലെ പ്രധാന അന്യായക്കാരനായ മഹന്ത് ധരംദാസ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. രാമക്ഷേത്ര നിർമാണത്തിൽ സർക്കാർ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-19 14:49:55.0

Published:

19 Aug 2021 2:42 PM GMT

രാമക്ഷേത്ര നിർമാണ ഫണ്ട് ഉപയോഗിച്ച് വൻ തട്ടിപ്പ്; ട്രസ്റ്റിനും ബിജെപി എംഎൽഎക്കുമെതിരെ പരാതിയുമായി പുരോഹിതൻ
X

അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിനും ബിജെപി എംഎൽഎക്കുമെതിരെ ഗുരുതര ആരോപണവുമായി അയോധ്യ മൂവ്മെന്‍റിന്‍റെ മുന്‍നിര നേതാവായിരുന്ന പുരോഹിതൻ. ക്ഷേത്രനിർമാണത്തിനായി ജനങ്ങളിൽനിന്ന് സമാഹരിച്ച ലക്ഷങ്ങൾ ഉപയോഗിച്ച് വൻ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. അയോധ്യയിലെ ഹനുമാൻ ഗാഡി ക്ഷേത്രത്തിലെ പുരോഹിതൻ കൂടിയായ മഹന്ത് ധരംദാസ് ആണ് രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ, ബിജെപി എംഎൽഎ അടക്കമുള്ള പ്രമുഖർക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

രാമക്ഷേത്ര നിർമാണത്തിന്റെ ചുമതലയുള്ള രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനങ്ങളിൽനിന്ന് സമാഹരിച്ച പണം ഉപയോഗിച്ച് ക്ഷേത്രത്തിനെന്ന പേരിൽ വാങ്ങിയ ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ആരോപണം. രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്. സെക്രട്ടറി ചമ്പത് റായ് അടക്കമുള്ള മുഴുവൻ രാംമന്ദിർ ട്രസ്റ്റ് അംഗങ്ങൾ, അയോധ്യയിലെ ഗോസായ്ഗഞ്ചിലെ ബിജെപി എംഎൽഎ ഇന്ദ്രപ്രതാപ് തിവാരി, അയോധ്യ മേയർ ഋഷികേഷ് ഉപാധ്യായയുടെ അനന്തരവൻ, ഫൈസാബാദ് സബ് രജിസ്ട്രാർ എസ്ബി സിങ് എന്നിവർക്കെതിരെയാണ് ആരോപണം. ക്രിമിനൽ ഗൂഢാലോചന, വിശ്വാസികൾ നൽകിയ പണം ഉപയോഗിച്ച് സർക്കാർ ഭൂമി വാങ്ങിയതിൽ നടത്തിയ തട്ടിപ്പും ധനദുർവിനിയോഗവും അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

രാമക്ഷേത്രത്തിനു വേണ്ടി വാങ്ങിയ 676 ചതുരശ്ര മീറ്റർ സ്ഥലത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് വിവാദം. ഈ ഭൂമി മഹന്ത് ദേവേന്ദ്രപ്രസാദാചാര്യ അയോധ്യ മേയർ ഋഷികേഷിന്റെ അനന്തരവൻ ദീപ് നാരായണന് 20 ലക്ഷത്തിനാണ് വിറ്റത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത്. എന്നാൽ, ഇതേ സ്ഥലം കഴിഞ്ഞ മേയിൽ 2.5 കോടി രൂപയ്ക്കാണ് ദീപ് നാരായണില്‍നിന്ന് രാമക്ഷേത്ര ട്രസ്റ്റ് വാങ്ങിയത്. ഏകദേശം 35 ലക്ഷത്തിന്റെയടുത്ത് വിലമതിപ്പുള്ള ഭൂമിയാണ് വൻവിലയ്ക്ക് ട്രസ്റ്റ് വാങ്ങിയതെന്നാണ് ആരോപണം. എംഎൽഎ ഇന്ദ്രപ്രതാപ് തിവാരി, ട്രസ്റ്റ് ചുമതലക്കാരൻ അനിൽ മിശ്ര എന്നിവരുടെയെല്ലാം അറിവോടെയായിരുന്നു ഈ ഇടപാടെന്ന് ധരംദാസ് പറയുന്നു.

ചമ്പത് റായിയെ ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കി ചുമതലകൾ അയോധ്യയിലെ പുരോഹിതന്മാർക്ക് കൈമാറണമെന്ന് ധരംദാസ് ആവശ്യപ്പെട്ടു. ക്ഷേത്ര നിർമാണത്തിൽ സർക്കാർ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാബരി കേസിൽ ഹിന്ദു വിഭാഗത്തിൽനിന്നുള്ള പ്രധാന അന്യായക്കാരനാണ് ധരംദാസ്. 1949 ഡിസംബർ 22ന് ബാബരി പള്ളിക്കകത്ത് ശിലാന്യാസം നടത്തിയ അന്തരിച്ച മഹന്ത് അഭിരാം ദാസിന്‍റെ ശിഷ്യന്‍ കൂടിയാണ്.

TAGS :

Next Story