Quantcast

കടം വാങ്ങിയ 40 ലക്ഷം തിരികെ നല്‍കാതിരിക്കാന്‍ പിഎച്ച്.ഡിക്കാരനെ കൊന്നു കഷ്ണങ്ങളാക്കി

ഗാസിയാബാദിലെയും മുസാഫർനഗറിലെയും ഗംഗാ കനാലിലും ദസ്‌നയിലെ ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപമുള്ള വനമേഖലയിലുമായിട്ടാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചത്

MediaOne Logo

Web Desk

  • Published:

    16 Dec 2022 5:03 AM GMT

കടം വാങ്ങിയ 40 ലക്ഷം തിരികെ നല്‍കാതിരിക്കാന്‍ പിഎച്ച്.ഡിക്കാരനെ കൊന്നു കഷ്ണങ്ങളാക്കി
X

ഗാസിയാബാദ്: കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാന്‍ വാടകക്ക് താമസിക്കുന്ന പിഎച്ച്.ഡി ഗവേഷകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാലു കഷ്ണങ്ങളാക്കി. സംഭവത്തില്‍ മോഡിനഗര്‍ സ്വദേശിയായ മോഡിനഗര്‍ സ്വദേശിയായ വീട്ടുടമയക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഗാസിയാബാദിലെയും മുസാഫർനഗറിലെയും ഗംഗാ കനാലിലും ദസ്‌നയിലെ ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ് വേയ്‌ക്ക് സമീപമുള്ള വനമേഖലയിലുമായിട്ടാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചത്.

ലഖ്‌നൗവിലെ ഒരു സർവ്വകലാശാലയിലെ പി.എച്ച്.ഡി അങ്കിത് ഖോക്കര്‍(40) എന്നയാളാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ മരിച്ചതിനു ശേഷം ഒറ്റക്ക് താമസിക്കുകയായിരുന്നു അങ്കിത്. സ്വകാര്യ ആശുപത്രിയിലെ കോമ്പൗണ്ടറായ ഉമേഷ് ബിസിനസ് തുടങ്ങാൻ അങ്കിതില്‍ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.കടം വീട്ടാൻ കഴിയാതെ വന്നതോടെയാണ് അങ്കിതിനെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്.ബാഗ്പത്തിലെ തന്‍റെ പൂർവ്വിക സ്വത്ത് വിറ്റ വകയില്‍ ഒന്നരക്കോടി രൂപ അങ്കിതിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നു. ഇതിനെക്കുറിച്ച് അറിയാവുന്ന പ്രതി സ്വത്ത് എങ്ങനെയും കൈക്കലാക്കാനുള്ള ലക്ഷ്യത്തിലായിരുന്നു. ഇതില്‍ 40 ലക്ഷം രൂപ വീട്ടുടമസ്ഥന്‍ ബിസിനസ് നടത്താനായി കൈപ്പറ്റി. ഈ പണം തിരികെ നല്‍കാതിരിക്കാനാണ് അങ്കിതിനെ കൊലപ്പെടുത്തി മൃതദേഹം നാല് കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ എറിഞ്ഞത്.ഒക്ടോബര്‍ 6നാണ് കൊലപാതകം നടന്നത്. അങ്കിതിന്‍റെ ബാങ്ക് അക്കൗണ്ടുകളുടേയും കാർഡുകളുടേയും വിവരങ്ങൾ മനസിലാക്കായി ശേഷമാണ് ഉമേഷ് കൊല നടത്തിയത്.

കൊലപാതകത്തിനുശേഷം പ്രതിയായ വീട്ടുടമസ്ഥന്‍ രണ്ട് മാസത്തോളം അങ്കിതിന്റെ ഫോണ്‍ ഉപയോഗിക്കുന്നത് തുടര്‍ന്നു. അതുകൊണ്ടു തന്നെ അങ്കിതിനെ കാണാതായതായി ആര്‍ക്കും സംശയമുണ്ടായില്ല. ഒരു മാസത്തിലേറെയായിട്ടും അങ്കിതിനെ കുറിച്ച്‌ വിവരം ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് ദാരുണമായ കൊലപാതകം പുറത്തറിയുന്നത്.''പിഎച്ച്ഡി സമർപ്പിച്ച് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അങ്കിത്. ഫോണെടുക്കാതെയും ആശയവിനിമയം നടത്താൻ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുകയും ചെയ്തതോടെയാണ് സുഹൃത്തുക്കള്‍ക്ക് സംശയമായത്. അങ്കിതിന്‍റെ ടൈപ്പിംഗ് ശൈലി വ്യത്യസ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്'' ഗാസിയാബാദ് ഡിസിപി ഇരാജ് രാജ പറഞ്ഞു.

കുറ്റകൃത്യത്തിനു ശേഷം ഓൺലൈൻ നെറ്റ് ബാങ്കിംഗ് വഴി അങ്കിതിന്‍റെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ അപഹരിക്കുകയും ചെയ്തതായി പ്രതി പോലീസിനോട് പറഞ്ഞു. മൃതദേഹം കണ്ടെത്തിയില്ലെങ്കില്‍ കൊലപാതകം സ്ഥിരീകരിക്കില്ലെന്ന് ഹിന്ദി സിനിമയില്‍ കണ്ടതിനെ തുടര്‍ന്നാണ് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചതെന്നുമായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. കൊലപാതകത്തിനു ശേഷം ഉമേഷ് തുടര്‍ച്ചയായി പണം പിന്‍വലിച്ചുകൊണ്ടിരുന്നു. ഉമേഷ് തന്‍റെ ഡെബിറ്റ് കാർഡ് നൽകി ഉത്തരാഖണ്ഡിൽ നിന്ന് പണം പിൻവലിക്കാൻ കൂട്ടാളി പ്രവേഷിനെയാണ് അയച്ചത്.പൊലീസ് പിന്തുടരാതിരിക്കാന്‍ മൊബൈല്‍ കൊണ്ടുപോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

പൊലീസ് അന്വേഷണത്തില്‍ ഒന്നര കോടിയില്‍ 60 ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായി മനസ്സിലായി. ഒക്ടോബര്‍ ആറിന് മുമ്പ് 40 ലക്ഷം രൂപയും അതിനുശേഷം 21 ലക്ഷം രൂപയും പിന്‍വലിച്ചു. ഇതില്‍ 60 ലക്ഷം രൂപ ഉമേഷിന്‍റെ അക്കൗണ്ടിലെത്തി. ഇതോടെ കൊലപാതകം നടത്തിയത് ഇയാളാണെന്ന് പൊലീസിനെ ബോധ്യപ്പെടുകയായിരുന്നു.

TAGS :

Next Story