ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ മണ്ണിടിച്ചിൽ; മൂന്ന് തീർഥാടകർ മരിച്ചു, എട്ട് പേർക്ക് പരിക്ക്
ഇന്ന് രാവിലെ 7:30 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്
കേദർനാഥ്: ഉത്തരാഖണ്ഡിലെ ചിർബാസയിൽ മണ്ണിടിച്ചിലിൽ മൂന്ന് തീർഥാടകർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ഗൗരികുണ്ഡിൽനിന്ന് കേദർനാഥിലേക്കുള്ള യാത്രയിലായിരുന്നു തീർഥാടകർ. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഉത്തരാഖണ്ഡ്ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു.
ഗൗരികുണ്ഡ്-കേദാർനാഥ് ട്രെക്കിംഗ് റൂട്ടിലെ ചിർബാസ പ്രദേശത്തിന് സമീപം രാവിലെ 7:30 ഓടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് രുദ്രപ്രയാഗ് ജില്ലാ ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് രാജ്വാർ പറഞ്ഞു. അപകടത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. 'അപകടം നടന്ന സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനം നടക്കുകയാണ്, ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്..' മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
Adjust Story Font
16