ലതാമങ്കേഷ്‌കർ കോവിഡ് മുക്തയായി; തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി
കഴിഞ്ഞ ഒരുമാസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്
പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ കോവിഡ്, ന്യുമോണിയ എന്നിവയിൽ നിന്ന് സുഖം പ്രാപിച്ചതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചു. ഒരു മാസം മുമ്പാണ് ഗായികയെ കോവിഡ് ബാധിച്ച് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 'ഗായിക ലതാ മങ്കേഷ്‌കറിനെ ചികിത്സിക്കുന്ന ഡോ. പ്രതീത് സമ്ദാനിയുമായി ഞാൻ സംസാരിച്ചു. അവർ സുഖം പ്രാപിച്ചുവരികയാണ്, കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു, ഇപ്പോൾ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഓക്സിജൻ മാത്രമാണ് നൽകുന്നതെന്നും അവർ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും' രാജേഷ് ടോപെ പറഞ്ഞു.
വ്യാജ വാർത്തകൾ പരക്കാതിരിക്കാൻ ആരോഗ്യാവസ്ഥ സംബന്ധിച്ച് ലതാമങ്കേഷ്‌കറുടെ കുടുംബം സ്ഥിരമായി വിവരങ്ങൾ അറിയിച്ചിരുന്നു. ലതാമങ്കേഷ്‌കറിന്റെ പ്രായം കണക്കിലെടുത്തായിരുന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നതെന്ന് ഡോക്ടർമാരും അറിയിച്ചിരുന്നു.
ഇന്ത്യൻ സിനിമയുടെ ഐതിഹാസിക ഗായികമാരിൽ ഒരാളായി വാഴ്ത്തപ്പെട്ട ലതാ മങ്കേഷ്‌കറിന് 2001-ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ വാനമ്പാടി എന്ന് വിളിക്കപ്പെടുന്ന അവർ ആയിരത്തിലധികം ഹിന്ദി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും പാട്ടുകൾ പാടിയിട്ടുണ്ട്. പ്രിയഗായിക രോഗമുക്തയായി തിരിച്ചുവരാൻ ആരാധകർ പ്രാർഥനയോടെ കാത്തിരിക്കുകയാണ്.
Adjust Story Font
16