ലതാ മങ്കേഷ്‌കർക്ക് ആദരം: ബോംബെ ഹൈക്കോടതിയിൽ ഇന്ന് എല്ലാ ജുഡീഷ്യൽ നടപടികളും നിർത്തിവെക്കും
ഗായികയുടെ മരണത്തിൽ അനുശോചിച്ച് മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു
അന്തരിച്ച മഹാഗായിക ലതാമങ്കേഷ്‌കർക്ക് അനുശോചനം രേഖപ്പെടുത്തി തിങ്കളാഴ്ച എല്ലാ ബെഞ്ചുകളിലെയും എല്ലാ ജുഡീഷ്യൽ നടപടികളും നിർത്തിവെക്കുന്നതായി ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര, സൗത്ത്, നോർത്ത് ഗോവ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, സിൽവാസ്സ എന്നിവിടങ്ങളിലെ കീഴ് കോടതികളും തിങ്കളാഴ്ച അടച്ചിടുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഗായികയുടെ മരണത്തിൽ അനുശോചിച്ച് മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരുന്നു.
കോവിഡ് ബാധയെ തുടർന്ന് ഞായറാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു ലതാ മങ്കേഷ്‌കറിന്റെ അന്ത്യം. കോവിഡും ന്യൂമോണിയയും കണ്ടെത്തിയതിനെ തുടർന്ന് ജനുവരി ആദ്യവാരമാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് രോഗം ഗുരുതരമാകുകയും ഒന്നിലധികം അവയവങ്ങൾ തകരാറിലാകുകയും ചെയ്യുകയായിരുന്നു.
ലതാമങ്കേഷ്‌കറുടെ സ്മരണയ്ക്കായി കേന്ദ്രം രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കേഷ്‌കറോടുള്ള ആദരസൂചകമായി ഈ രണ്ടുദിവസം ഇന്ത്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.പ്രിയഗായികയെ അവസാനമായി ഒരുനോക്ക് കാണാൻ പ്രധാമന്ത്രിയടക്കമുള്ള പ്രമുഖർ മുംബൈയിൽ എത്തിയിരുന്നു.
Adjust Story Font
16