Quantcast

'മുസ്‍ലിംകൾക്ക് ഭൂമി വിൽക്കുന്നത് തടയും, ലവ് ജിഹാദ് കേസിൽ ജീവപര്യന്തം ഉറപ്പുവരുത്തുന്ന നിയമം ഉടൻ': അസം മുഖ്യമന്ത്രി

'സർക്കാർ ജോലിക്ക് അസമിൽ ജനിച്ചവർക്ക് മാത്രമേ അർഹതയുണ്ടാകൂ'

MediaOne Logo

Web Desk

  • Updated:

    2024-08-05 06:55:36.0

Published:

5 Aug 2024 6:54 AM GMT

Assam Chief Minister Himanta Biswa Sarma,love jihad,love jihad laws,അസം,ഹിമന്ത ബിശ്വ ശർമ്മ,
X

ഗുവാഹത്തി: അസമിൽ ലവ് ജിഹാദ് കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'തെരഞ്ഞെടുപ്പ് സമയത്ത് നമ്മൾ ലൗ ജിഹാദിനെ കുറിച്ച് സംസാരിച്ചിരുന്നു. വരും ദിവസങ്ങളിൽ ലവ് ജിഹാദ് കേസുകൾക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകുന്ന പുതിയ നിയമം കൊണ്ടുവരും'.. അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മുസ്‍ലിംകൾക്ക് ഭൂമി വിൽപന നടത്തുന്നത് തടയാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലുള്ള ഭൂമി ഇടപാടുകൾക്ക് സംസ്ഥാനസർക്കാറിന്റെ അനുമതി അനിവാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

'നേരത്തെ ഇരുമതങ്ങൾക്കിടയിൽ ഭൂമി കൈമാറ്റം നടന്നിരുന്നു. ഹിന്ദുക്കളുടെ ഭൂമി മുസ്‍ലിംകളും മുസ്‍ലിംകളുടെ ഭൂമി ഹിന്ദുക്കളും വാങ്ങിയിരുന്നു. ഇത്തരം ഇടപാടുകൾ തടയാൻ സർക്കാരിന് കഴിയില്ല. എന്നാൽ ഹിന്ദുവിന്റെ ഭൂമി ഒരു മുസ്‍ലിമിനും തിരിച്ചും വാങ്ങുന്നതും വിൽക്കുന്നതും മുഖ്യമന്ത്രിയുടെ അനുമതിയോടെ മാത്രമായിരിക്കും'... അദ്ദേഹം പറഞ്ഞു.

'അവിഭക്ത ഗോൾപാറ അസമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഒരു പ്രത്യേക സമൂഹം തദ്ദേശവാസികളുടെ ഭൂമി തട്ടിയെടുക്കുന്നുണ്ട്. ഗോൾപാറ ജില്ലയിൽ ഭൂമി ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർക്ക് വിൽക്കാൻ പാടില്ലെന്ന നിയമം അടുത്ത ദിവസങ്ങൾക്കുള്ളിൽ കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചു'. ആദിവാസികൾ, പട്ടികജാതിക്കാർ, ഒബിസിക്കാർ എന്നിവർ താമസിക്കുന്ന ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിലെ നിയോ വൈഷ്ണവ സംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ബാർപേട്ട, മജൂലി, ബട്ടദ്രാവ എന്നിവിടങ്ങളിലെ ഭൂമി വിൽപന നാട്ടുകാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ജോലികളിൽ അസമിൽ ജനിച്ചവർക്ക് മാത്രമേ അർഹതയുണ്ടാകൂ. സർക്കാറിന്റെ ഒരു ലക്ഷം ജോലി നിയമങ്ങളിൽ സിംഹഭാഗവും തദ്ദേശീയരായ യുവാക്കളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസമിൽ ജനിച്ചവരെ ഇവിടെ സർക്കാർ ജോലിക്ക് യോഗ്യരാക്കുന്ന ഒരു താമസ നയം സംസ്ഥാന സർക്കാർ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2041 ൽ അസം മുസ്‍ലിം ഭൂരിപക്ഷമായി മാറുമെന്ന് ഹിമന്ത ശർമ്മയുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. എല്ലാ പത്ത് വർഷം കൂടുമ്പോഴും മുസ്‍ലിം ജനസംഖ്യയിൽ 30 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നും ഹിമന്ത ശർമ്മ അവകാശപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജനസംഖ്യാഅനുപാതത്തിൽമാറ്റമുണ്ടാകുന്നത് ഗുരുതരമായ വിഷയമാണെന്നും ശർമ്മ അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story