രാമക്ഷേത്ര പ്രതിഷ്ഠാദിനം: പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി
നിയമവിദ്യാർഥികളായ ശിവാംഗി അഗർവാൾ, സത്യജിത് സിദ്ധാർഥ് സാൽവേ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ഭംഗ്യ എന്നിവരാണ് ഹരജി നൽകിയത്.
മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് മഹാരാഷ്ട്രയിൽ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി. നിയമവിദ്യാർഥികളായ ശിവാംഗി അഗർവാൾ, സത്യജിത് സിദ്ധാർഥ് സാൽവേ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ഭംഗ്യ എന്നിവരാണ് ഹരജി നൽകിയത്. ഒരു പ്രത്യേക വിഭാഗത്തിന്റെ മതപരമായ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഹിന്ദു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരസ്യമായി ആഘോഷിക്കുകയും അതിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്യുന്നത് മതേതര തത്വങ്ങൾക്കെതിരായ ആക്രമണമാണെന്നും ഹരജിയിൽ പറയുന്നു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന സുപ്രിംകോടതിയുടെ മുൻകാല നിരീക്ഷണങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെഗോഷിയബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ സെക്ഷൻ 25 പ്രകാരം അവധി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.
രാമക്ഷേത്ര പ്രതിഷ്ഠ സർക്കാർ പരിപാടിയാക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്നും ഹരജിയിൽ ആരോപിക്കുന്നു. രാമക്ഷേത്ര നിർമാണത്തിന് അനുമതി നൽകുന്ന സുപ്രിംകോടതി വിധിയിൽ മുസ്‌ലിംകൾക്ക് പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും പറയുന്നുണ്ട്. പള്ളിയുടെ നിർമാണം ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലെന്നും ഹരജിയിൽ പറയുന്നു.
ജനുവരി 22ന് സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഉച്ചക്ക് ശേഷം 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മദ്യം വിൽക്കുന്നതിനും മത്സ്യ-മാംസ കടകൾ തുറക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16