പന്‍വേലിലെ ഫാംഹൗസിനടുത്ത് സല്‍മാന്‍ ഖാനെ വധിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ്; 4 പേര്‍ അറസ്റ്റില്‍
ഫാം ഹൗസിന് സമീപത്ത് വച്ച് കാർ തടഞ്ഞുനിർത്തി എകെ 47 തോക്കുകൾ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ താരത്തിന്‍റെ മഹാരാഷ്ട്ര പന്‍വേലിലെ ഫാം ഹൗസിനടുത്ത് വച്ച് വധിക്കാന്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം പദ്ധതിയിട്ടിരുന്നായി പൊലീസ്. ഫാം ഹൗസിന് സമീപത്ത് വച്ച് കാർ തടഞ്ഞുനിർത്തി എകെ 47 തോക്കുകൾ ഉപയോഗിച്ച് വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി.
നവി മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ബിഷ്‌ണോയ് സംഘത്തിലെ നാല് ഷൂട്ടര്‍മാരെ പൻവേലിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അജയ് കശ്യപ് എന്ന ധനഞ്ജയ്, എന്ന നഹ്‌വി, വാസിം ചിക്ന എന്ന വാസ്പി ഖാൻ, ജാവേദ് ഖാൻ എന്ന റിസ്വാൻ ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാല് പേർ നടൻ്റെ ഫാം ഹൗസിലും അദ്ദേഹത്തിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും സന്ദര്‍ശിച്ചിരുന്നതായി വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് എകെ 47 തോക്കുകൾ കൂടാതെ സൽമാൻ ഖാനെ മറ്റ് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ നിർദ്ദേശം നൽകിയ വീഡിയോകൾ പൊലീസ് കണ്ടെടുത്തു.ഏപ്രിൽ 14ന് മുംബൈയിലെ ബാന്ദ്രയിലെ ഖാൻ്റെ വസതിക്ക് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്ത സംഭവത്തിന് പിന്നാലെയാണിത്.
ലോറൻസ് ബിഷ്‌ണോയിയും ബന്ധുവായ അൻമോൽ ബിഷ്‌ണോയി, സഹായി ഗോൾഡി ബ്രാർ എന്നിവരും ചേർന്ന് പാകിസ്താന്‍ ആയുധവ്യാപാരിയിൽ നിന്ന് എകെ-47, എം-16, തുടങ്ങിയ ആയുധങ്ങൾ എന്നിവ വാങ്ങിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 17നാണ് സല്‍മാന്‍റെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെപ്പ് നടന്നത്. പുലർച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ലോറന്‍സ് ബിഷ്ണോയിയും സഹോദരനുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറഞ്ഞത്.
ലോറന്‍സ് ബിഷ്ണോയി സംഘത്തിന്‍റെ സ്ഥിരം നോട്ടപ്പുള്ളിയാണ് സല്‍മാന്‍ ഖാന്‍. കത്ത് വഴിയും ഇ-മെയില്‍ വഴിയും വധഭീഷണികള്‍ ലഭിച്ചിരുന്നു. താരത്തിന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ മുംബൈ പൊലീസ് ഖാന് Y+ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. നേരത്തെ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് താരത്തിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സുരക്ഷ ഏര്‍പ്പെടുത്തിയത്.
2022ല്‍ സല്‍മാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുണ്ടായിരുന്നത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തന്‍റെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്‌യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു. തോക്ക് കൈവശം വയ്ക്കാനും സല്‍മാന് മുംബൈ പൊലീസ് അനുമതി നല്‍കിയിരുന്നു.
Adjust Story Font
16