സൽമാൻ ഖാനെ കൊല്ലാൻ സിദ്ധു മൂസെവാലയെ കൊന്ന അതേ തോക്ക്; ബിഷ്ണോയി സംഘത്തിന്റെ പദ്ധതി വ്യക്തമാക്കി പൊലീസ്
അറസ്റ്റിന് മുമ്പ് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പൊലീസ് നുഴഞ്ഞുകയറിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം കൊല്ലാൻ ഉപയോഗിക്കാനിരുന്നത് പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ തോക്കെന്ന് പൊലീസ്. മൂസെവാലയെ കൊന്ന തുർക്കി നിർമിത സിഗാന പിസ്റ്റൾ ഉപയോഗിച്ച് സൽമാൻ ഖാനെ കൊല്ലാനാണ് പ്രതികൾ പദ്ധതിയിട്ടതെന്ന് നവി മുംബൈ പൊലീസ് അറിയിച്ചു.
സല്‍മാന്‍ ഖാനെ താരത്തിന്‍റെ മഹാരാഷ്ട്ര പന്‍വേലിലെ ഫാംഹൗസിനടുത്ത് വച്ച് വധിക്കാനാണ് ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഫാം ഹൗസിന് സമീപത്ത് വച്ച് കാർ തടഞ്ഞുനിർത്തി വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതി. സൽമാൻ ഖാനെ ഫാം ഹൗസിന് സമീപം ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇവരുടെ അറസ്റ്റിന് മുമ്പ് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ പൊലീസ് നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഏപ്രിൽ 14ന് മുംബൈയിലെ ബാന്ദ്രയിലുള്ള സൽമാൻ ഖാൻ്റെ വീടിന് പുറത്തുനടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ആദ്യം രണ്ട് പേരുടെ അറസ്റ്റിനു പിന്നാലെയായിരുന്നു നീക്കം. നടനെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയെക്കുറിച്ച് കഴിഞ്ഞ വർഷം സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ പൻവേൽ പൊലീസ് സ്റ്റേഷൻ സീനിയർ ഇൻസ്‌പെക്ടർ നിതിൻ താക്കറെയ്‌ക്ക് വിവരം ലഭിച്ചതായി പൊലീസ് സോൺ-2 (പൻവേൽ) ഡെപ്യൂട്ടി കമ്മീഷണർ വിവേക് പൻസാരെ പറഞ്ഞു.
'തുടർന്ന് ഏതാനും നവി മുംബൈ പൊലീസ് ഉദ്യോഗസ്ഥർ ബിഷ്‌ണോയി സംഘത്തിൻ്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും മറ്റ് സോഷ്യൽമീഡിയ ഗ്രൂപ്പുകളിലേക്കും നുഴഞ്ഞുകയറുകയും ചാറ്റിങ് ട്രാക്ക് ചെയ്യുകയുമായിരുന്നു'- അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ നാല് പേർ സൽമാൻ്റെ പൻവേലിലെ ഫാം ഹൗസും മുംബൈയിലെ ബാന്ദ്രയിലെ വീടിന് ചുറ്റുമുള്ള സ്ഥലങ്ങളും സിനിമാ ഷൂട്ടിങ്ങിനായി നടൻ സന്ദർശിച്ച സ്ഥലങ്ങളും നിരീക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സൽമാനെ ആക്രമിക്കാൻ വിദേശത്തു നിന്നും കൂടുതൽ ആയുധങ്ങളെത്തിക്കാനും ഇവർ ശ്രമിച്ചു.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അജയ് കശ്യപ് എന്ന ധനഞ്ജയ് താപസിങ്, സന്ദീപ് ബിഷ്‌ണോയി എന്ന ഗൗരവ് ഭാട്ടിയ, വസീം ചിക്ന എന്ന വാസ്പി ഖാൻ, ജാവേദ് ഖാൻ എന്ന റിസ്വാൻ ഖാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അജയ് കശ്യപിനെ പൻവേലിൽ നിന്നും സന്ദീപ് ബിഷ്‌ണോയിയെ ഗുജറാത്തിൽ നിന്നുമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നാമനായ വസീം ചിക്നയെ ഛത്രപതി സംഭാജിനഗറിൽ നിന്നും ജാവേദ് ഖാനെ ബെംഗളൂരുവിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവർക്കെതിരെ ഐപിസി 120-ബി (ഗൂഢാലോചന), 506 (ഭീഷണിപ്പെടുത്തൽ) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ ലോറൻസ് ബിഷ്ണോയി ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ്. ഇളയ സഹോദരൻ അൻമോൽ ബിഷ്‌ണോയി യുഎസിലോ കാനഡയിലോ ആണെന്നാണ് പൊലീസ് കരുതുന്നത്.
ഏപ്രിൽ 14ന് പുലർച്ചെ അഞ്ചു മണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. അഞ്ച് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ അന്നു തന്നെ ഗുജറാത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരൻ ഏറ്റെടുത്തിരുന്നു.
നേരത്തെ, 'പഞ്ചാബ് ഗായകനായ സിദ്ധു മൂസെവാലയുടെ ഗതി വരും' എന്ന ഭീഷണി സന്ദേശം സൽമാൻ ഖാന് അയച്ച യുവാവ് പിടിയിലായിരുന്നു. ഇ-മെയിലായി വധഭീഷണി സന്ദേശമയച്ച 21കാരനെയാണ് 2023 മാർച്ചിൽ മുംബൈ പൊലീസ് പിടികൂടിയത്. രാജസ്ഥാൻ ജോധ്പൂരിലെ ലുനി പൊലീസ് സ്റ്റേഷനു കീഴിലുള്ള രോഹിച്ച കലൻ ഗ്രാമത്തിലെ സിയാഗോൺ കി ധനിയിൽ താമസിക്കുന്ന ധക്കാട് രാം ബിഷ്‌ണോയ് ആണ് അറസ്റ്റിലായത്.
Adjust Story Font
16