"ഭോപ്പാൽ ദുരന്തം ഉണ്ടാകുമെന്ന് നേരത്തേ അറിയിച്ചു... കിട്ടിയത് രൂക്ഷമായ മറുപടി"- വെളിപ്പെടുത്തലുമായി അഭിഭാഷകൻ
ഷാനവാസ് തെളിവുകൾ ശേഖരിച്ച് തയ്യാറായപ്പോഴേക്കും യൂണിയൻ കാർബൈഡ് ഫാക്ടറി വിഷപ്പുക തുപ്പിത്തുടങ്ങിയിരുന്നു...
ഭോപ്പാൽ: രാജ്യം ഒന്നാകെ വിഷപ്പുക ശ്വസിച്ച ഭോപ്പാൽ ദുരന്തത്തിന്റെ 40ാം വാർഷികത്തിലാണ് നാം. ഡിസംബർ 2നും 3നുമിടയിലുള്ള ആ കറുത്ത രാത്രിയുടെ ദുർവിധിക്ക് സാക്ഷികളാകുമ്പോൾ, ആ മഹാദുരന്തത്തിൽ അവഗണിക്കപ്പെട്ട ഒരു കഥ നമുക്ക് മുന്നിലുണ്ട്... തന്നെ ഒന്ന് കേട്ടിരുന്നെങ്കിൽ എന്ന് നെടുവീർപ്പിടുന്ന ഒരു മനുഷ്യനുണ്ട്..
ലോകം കണ്ട ഏറ്റവും വലിയ വിഷവാതക ദുരന്തമാണ് 1984ലെ ഭോപ്പാൽ ദുരന്തം. ഈ ദുരന്തമുണ്ടാകുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ ഇങ്ങനെയൊരു ദുരന്തത്തെ കുറിച്ച് യൂണിയൻ കാർബൈഡ് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയതാണ് ഷാനവാസ് ഖാൻ എന്ന അഭിഭാഷകൻ. 1983 മാർച്ച് 4നാണ് കമ്പനിക്ക് ഷാനവാസ് ലീഗൽ നോട്ടീസ് അയയ്ക്കുന്നത്. 50,000ത്തോളം ആളുകളുടെ ജീവന് ഭീഷണിയാകുന്ന രാസവസ്തുക്കളുടെ നിർമാണം കമ്പനി നിർത്തിവയ്ക്കണമെന്നായിരുന്നു ഷാനവാസിന്റെ ആവശ്യം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതം എന്ന് അടിവരയിട്ട്, രൂക്ഷമായ ഭാഷയിൽ കമ്പനി ഏപ്രിലിൽ ഒരു മറുപടി ഷാനവാസിനയച്ചു.
യൂണിയൻ കാർബൈഡ് കമ്പനിയുടെ ഭോപ്പാൽ യൂണിറ്റിന്റെ മാനേജർ ജെ.മുകുന്ദ് അയച്ച ആ മറുപടിക്കത്തിന്റെ അവസാന പാരഗ്രാഫ് ഇങ്ങനെ ആയിരുന്നു - "നിങ്ങളുന്നയിച്ച എല്ലാ ആരോപണങ്ങളെയും അർഹിച്ച അവജ്ഞയോടെ തള്ളിക്കളയുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾക്കെതിരെ നിയമപരമായി നീങ്ങാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, തിരിച്ചും ആ സമീപനം തന്നെ പ്രതീക്ഷിച്ചു കൊള്ളുക".
യുസിഐഎല്ലിന്റെ മറുപടി ഷാനവാസിനെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയും ഖാൻ ഷാക്കിർ അലി ഖാന്റെ അനന്തിരവനായ താൻ എന്തിന് വെറുതെ ഇരിക്കണം എന്ന ചിന്തയിൽ അദ്ദേഹം പോരാടാനുറച്ചു. ഫാക്ടറിയിൽ വാതകച്ചോർച്ചയുണ്ടായതിന്റെ തെളിവുകൾ ശേഖരിച്ച് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു ഷാനവാസിന്റെ ലക്ഷ്യം. എന്നാൽ ഈ ശ്രമം അൽപം വൈകിപ്പോയി. ഷാനവാസ് തെളിവുകൾ ശേഖരിച്ച് തയ്യാറായപ്പോഴേക്കും യൂണിയൻ കാർബൈഡ് ഫാക്ടറി വിഷപ്പുക തുപ്പിത്തുടങ്ങിയിരുന്നു.
1981 ഡിസംബറിൽ അഷ്‌റഫ് എന്ന ജീവനക്കാരൻ വിഷവാതകം ശ്വസിച്ച് മരിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഷാനവാസ് ശ്രദ്ധ ചെലുത്തി തുടങ്ങിയത്. അന്ന് ഫോസ്ഫീൻ എന്ന വാതകമാണ് വിനയായതെങ്കിൽ പിന്നീട് 1982 ജനുവരിയിൽ മറ്റൊരു വാതകവും ഫാക്ടറിയിൽ നിന്ന് ചോർന്നു. അന്ന് ഇരുപത്തിയഞ്ച് ജീവനക്കാരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അതേവർഷം മാർച്ചിലും ഫാക്ടറിയിൽ വാതകച്ചോർച്ചയുണ്ടായി. പിന്നീട് ഒക്ടോബറിലും ഇതാവർത്തിച്ചു. അന്ന് പ്ലാന്റിന് സമീപം താമസിക്കുന്ന 100 പേരിലേക്കും വിഷം വമിച്ച് വാതകമെത്തി.
50000 പേരാണ് ഭോപ്പാലിൽ യൂണിയൻ കാർബൈഡ് ഫാക്ടറിക്ക് ചുറ്റിലുമായി താമസിച്ചിരുന്നത്. ഭോപ്പാലിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന ജനവാസകേന്ദ്രത്തിന് ഒത്തനടുക്കായിരുന്നു ഫാക്ടറി. ഓരോ വർഷവും ഓരോ ആളുകളെങ്കിലും ഫാക്ടറിയിൽ കൊല്ലപ്പെടുന്നുണ്ടെന്ന് നോട്ടീസിൽ ഷാനവാസ് ഖാൻ ചൂണ്ടിക്കാട്ടിയിരുന്നു.
മാരക വിഷമുള്ള വാതകങ്ങളുടെയും അപകടകരമായ കെമിക്കലുകളുടെയും സൂക്ഷിപ്പും ഉപയോഗവുമുള്ള ഫാക്ടറിയായിരുന്നു യുസിഐഎൽ. ഇതുകൊണ്ട് തന്നെ ഏത് സമയവും പൊട്ടാവുന്ന ഒരു ബോംബ് ആയി തന്നെയാണ് ഫാക്ടറിയെ ഷാനവാസ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയതും. എന്നാൽ ഈ ആരോപണങ്ങളെല്ലാം കമ്പനിക്ക് അടിസ്ഥാനരഹിതമായിരുന്നു. തങ്ങൾക്ക് പ്രവർത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയുണ്ടെന്ന് പ്രത്യേകം എടുത്തുപറയാനും കമ്പനി മറുപടിക്കത്തിൽ മറന്നില്ല.
എന്ത് തന്നെയായാലും ഷാനവാസിന്റെ കത്തിനും കമ്പനിയുടെ മറുപടിക്കത്തിനും മാസങ്ങൾക്ക് പിന്നാലെ ഫാക്ടറിയിൽ നിന്ന് ആ മഹാദുരന്തമുണ്ടായി. 1984 ഡിസംബർ 2ന് രാത്രി 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു.
ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു. കാറ്റിൻറെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിച്ചു. ദുരന്തത്തിൽ 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ.
അന്ന് തന്റെ മുന്നറിയിപ്പിനെ കാര്യമായെടുത്തിരുന്നെങ്കിൽ നാല്പ്പത് വർഷങ്ങൾക്കിപ്പുറം ഓർത്തോർത്ത് സങ്കടപ്പെടാൻ തനിക്കൊരു കാരണമുണ്ടാകില്ല എന്നാണ് ഷാനവാസ് കൂട്ടിച്ചേർക്കുന്നത്. താൻ അന്ന് കത്തിൽ സൂചിപ്പിച്ച ഓരോ വാക്കും അന്വർഥമായതിൽ 73ാം വയസ്സിലും എന്തെന്നില്ലാത്ത പശ്ചാത്താപമുണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽ...
യുഎസ് ആസ്ഥാനമായുള്ള യൂണിയൻ കാർബൈഡ് കോർപറേഷൻ 1969ലാണ് ഭോപ്പാലിൽ അവരുടെ യൂണിറ്റ് സ്ഥാപിക്കുന്നത്. മീഥൈൽ ഐസോസയനേറ്റും ആൽഫ നാഫ്‌തോളും റിയാക്ട് ചെയ്യിച്ച് ഉണ്ടാക്കിയെടുക്കുന്ന, സെവിൻ എന്ന കീടനാശിനി ബ്രാൻഡിന്റെ ഫാക്ടറി ആയിരുന്നു യുസിസി. 1975ലാണ് സെവിന് വേണ്ട ചേരുവകൾ ഭോപ്പാൽ യൂണിറ്റിൽ നിർമിക്കാൻ കമ്പനി തീരുമാനിക്കുന്നത്. അന്ന് നിയമപരമായി അനുവാദമില്ലാതിരുന്ന ഈ രാസപ്രവർത്തനത്തിന് കമ്പനി എങ്ങനെയോ അനുമതി നേടിയെടുത്തിരുന്നു.
റെയിൽവേ സ്‌റ്റേഷനുകളുടെ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടത്തരുതെന്നിരിക്കെ, ഭോപ്പാൽ ജംക്ഷൻ റെയിൽവേ സ്റ്റേഷന് വെറും 1 കിലോമീറ്റർ അകലെയായിരുന്നു യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ് എന്ന ഫാക്ടറി.
Adjust Story Font
16